കോതനെല്ലൂരിൽ കേരള എക്സ്പ്രസിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണപ്പോൾ

കോതനെല്ലൂരിൽ ട്രെയിനിനു മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു; ഡീസൽ എൻജിൻ ഘടിപ്പിച്ച് സർവീസ് പുനരാരംഭിച്ചു

കോട്ടയം: ട്രെയിനിനു മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു. കേരള എക്സ്പ്രസ് കടന്നുപോകുന്നതിനിടെ പാളത്തിന് മുകളിലൂടെയുള്ള വൈദ്യുതിലൈൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. കോട്ടയം കോതനെല്ലൂരിൽ ശനിയാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ഡീസൽ എൻജിൻ ഘടിപ്പിച്ച് ഗതാഗതം പുനരാരംഭിച്ചു.

ഡീസൽ എൻജിനുള്ള ട്രെയിനുകൾക്ക് കടന്നുപോകാൻ തടസമില്ല. എന്നാൽ ഇലക്ട്രിക് എൻജിൻ ട്രെയിനുകളുടെ ​ഗതാ​ഗതം പുനരാരംഭിക്കാൻ ഇനിയും സമയം വേണ്ടിവരുമെന്ന് റെയിൽവേ അറിയിച്ചു. 

കേരള എക്സ്പ്രസിന്‍റെ എസ് 4 കമ്പാർട്ട്മെന്‍റിനു മുകളിലേക്കാണ് ലൈൻ വീണത്. ആളപായമില്ല. അപകടത്തെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇലക്ട്രിക് എൻജിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന ടാന്റോഗ്രാഫ് എന്ന സംവിധാനമാണ് തകർന്നത്. തുടർന്ന് ട്രെയിൻ നിന്നു. നിലവിൽ കോട്ടയം വഴി തിരുവനന്തപുരം-കൊച്ചി ലൈനിൽ ട്രെയിൻ ഗതാഗതം തടസപെട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ മൂന്ന്, നാലു മണിക്കൂർ എടുക്കുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.

കേരളത്തിൽ ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് റെയിൽവേ ലൈനിലെ തകരാർ മൂലം ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നത്. വെള്ളിയാഴ്ച പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയിരുന്നു. തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഇന്നാണ് പുനഃസ്ഥാപിച്ചത്. ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും നീക്കം ചെയ്ത് പുതിയ പാളം ഘടിപ്പിക്കുകയായിരുന്നു. പരീക്ഷണ ഓട്ടം നടത്തിയ ശേഷം ഇരുപാതകളിലൂടെയും ട്രെയിനുകള്‍ കടത്തി വിട്ടതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് കോതനെല്ലൂരിലെ സംഭവം.

നിലവില്‍ പുതുക്കാട് ഭാഗത്ത് ട്രെയിനുകള്‍ വേഗം കുറച്ചാണ് കടത്തി വിടുന്നത്. മലബാര്‍ എക്‌സ്പ്രസാണ് ആദ്യം കടത്തിവിട്ടത്. ആദ്യം കടന്ന പോകുന്ന കുറച്ച് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടാകുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. രണ്ട്‌ ദിവസത്തിനുള്ളില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക് അകുമെന്ന് ഡിവിഷന്‍ മാനേജര്‍ ആര്‍. മുകുന്ദ് പറഞ്ഞു. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Electric line breaks Kerala Express stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.