കോട്ടയം: തൊഴിലുറപ്പ് പദ്ധതിയിൽ സജീവമല്ലാത്തവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ റദ്ദാക്കിയത് 4499 തൊഴിൽ കാർഡുകൾ. വർഷങ്ങളായി ജോലിക്ക് അപേക്ഷിക്കാതിരിക്കുന്നവർ, മരിച്ചവർ, താമസം മാറ്റിയവർ എന്നിവരെയാണ് പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നത്. എന്നാൽ, ചട്ടങ്ങൾ പാലിക്കാതെയാണ് തൊഴിൽ കാർഡുകൾ റദ്ദാക്കുന്നതെന്നും അകാരണമായി പലരെയും പുറത്താക്കിയെന്നും ആക്ഷേപമുണ്ട്. കാർഡ് ഉടമ ജീവിച്ചിരിക്കുകയാണെങ്കിൽ നോട്ടീസ് നൽകി മാത്രമേ റദ്ദാക്കാവൂവെന്നാണ് ചട്ടം. എന്നാൽ, ഇത് പാലിക്കാതെ പലരെയും പദ്ധതിക്ക് പുറത്താക്കിയെന്നാണ് ആക്ഷേപം. പദ്ധതിയിൽ സജീവമായിരുന്നവരും ഒഴിവാക്കപ്പെട്ടവരിലുണ്ട്. ഇത്തരത്തിൽ പുറത്തായവരിൽ പലരും തൊഴിലുറപ്പ് ഓംബുഡ്മാന് പരാതി നൽകി. കഴിഞ്ഞ സാമ്പത്തികവർഷം അവസാനം മുതലാണ് വ്യാപകമായ റദ്ദാക്കൽ തുടങ്ങിയത്.
തൊഴിലുറപ്പ് പദ്ധതിയിൽ ജോലിയെടുക്കുന്ന കുടുംബങ്ങൾക്ക് ഓണക്കാലത്ത് നൽകുന്ന 1000 രൂപ ബോണസ് നൽകാതിരിക്കാനാണ് തിരിക്കിട്ട് കാർഡുകൾ റദ്ദാക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്. മുൻവർഷം 100 ദിനങ്ങൾ ജോലി ചെയ്തിട്ടുള്ളവരും നിലവിൽ തൊഴിൽ കാർഡുള്ളവരുമാണ് ഓണക്കാലത്ത് 1000 രൂപ ബോണസിന് അർഹരാവുന്നത്.
ജോലിക്ക് അപേക്ഷിച്ചിട്ടും കിട്ടാതെ വരുന്നതോടെ പഞ്ചായത്തിൽ അന്വേഷിച്ച് എത്തുമ്പോഴാണ് കാർഡ് റദ്ദായതായി തൊഴിലാളികൾ അറിയുന്നത്. സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തും. ഉടൻ പുതിയ കാർഡ് നൽകാൻ നടപടികളിലേക്ക് കടക്കും. അത് പുതുതായുള്ള രജിസ്ട്രേഷനാണ്. ഇതോടെ ഓണക്കാലത്തെ ബോണസ് ഉൾപ്പെടെ സ്ഥിരം തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും- തൊഴിലാളികൾ പറയുന്നു.
എന്നാൽ, കൃഷിയിടങ്ങൾ വൃത്തിയാക്കൽ, തൊഴുത്ത് നിർമാണം എന്നിവയടക്കമുള്ള ജോലികൾക്ക് സ്ഥലഉടമയും തൊഴിൽ കാർഡുകൾ എടുക്കേണ്ടതുണ്ട്. തൊഴിൽ ലക്ഷ്യമിട്ടല്ല, ഇവർ കാർഡ് എടുത്തിട്ടുള്ളത്. ഇത്തരത്തിൽ സജീവമല്ലാത്തവരെയാണ് ഒഴിവാക്കുന്നതെന്ന് തൊഴിലുറപ്പ് പദ്ധതി അധികൃതർ പറയുന്നു. നിലവിൽ ജോലിയെടുക്കുന്നവരുടെ കാർഡ് റദ്ദാക്കില്ല. സാങ്കേതിക പ്രശ്നങ്ങളാണെങ്കിൽ പരിഹരിക്കുമെന്നും ഇവർ പറയുന്നു.
കോട്ടയം: തൊഴിലുറപ്പ് പദ്ധതിയുടെ വേതനത്തിൽ കാലാനുസൃത വർധന ഉണ്ടാകാത്തതും കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു. പ്രതിദിനം 346 രൂപയാണ് വേതനം. നേരത്തെ 333 രൂപയായിരുന്നു. മാർച്ചിലെ ബജറ്റിൽ 13 രൂപ വർധിപ്പിക്കുകയായിരുന്നു. പലപ്പോഴും ഇത് കുടിശ്ശികയാണ്. ഇതോടെ പലരും ജോലി ഉപേക്ഷിച്ചു.
വ്യാപകമായുള്ള കൊഴിഞ്ഞുപോക്കുമൂലം പല പഞ്ചായത്തിലും ജോലികളെ ബാധിക്കുന്നുണ്ട്. ഇതിനിടെ, ചില ജോലികൾക്ക് അനുമതി ഇല്ലാതായതും പദ്ധതിക്ക് തിരിച്ചടിയായി. ഒരോ വർഷവും തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം അനുവദിക്കുന്ന തുകയും കുറയുകയാണ്. 2020-21ൽ പദ്ധതിക്ക് ബജറ്റ് വിഹിതമായി 1,10,000 കോടിയാണ് അനുവദിച്ചത്.
2021-22ൽ 98,000 കോടി, 2022-23ൽ 84,000 എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ വിഹിതം. ഇപ്പോഴിത് (2023-24) 60,000 കോടിയായി കുറഞ്ഞു. പകുതിയോളം തുകയുടെ കുറവാണുണ്ടായത്. സംസ്ഥാനത്ത് മൊത്തം 20,13,003 കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.