ഈരാറ്റുപേട്ട: ജില്ലയിലെ വിവിധ ഡിപ്പോകൾക്കായി കെ.എസ്.ആർ.ടി.സി പുതുതായി അനുവദിച്ച 39 ബസുകളിൽ ഒന്നുംപോലും ഈരാറ്റുപേട്ടക്കില്ല. ഡിപ്പോ അധികൃതരുടെ അനാസ്ഥയാണ് ബസുകൾ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും ആക്ഷേപമുയരുന്നുണ്ട്. അടുത്തിടെ, സ്വകാര്യ ബസുകളുടെ റൂട്ടുകൾ ഏറ്റെടുത്ത് ടേക്ക് ഓവർ സർവിസുകൾ നടത്താൻ പുതിയ ബസുകൾ ആവശ്യമാണെങ്കിൽ അറിയിക്കണമെന്ന് ഗതാഗതമന്ത്രിയുടെ ഓഫിസിൽനിന്ന് നിർദേശിച്ചിരുന്നു. എന്നാൽ, മന്ത്രിയുടെ സർക്കുലറിനോട് കൃത്യമായി ഡിപ്പോ അധികൃതർ പ്രതികരിച്ചില്ലെന്നാണ് പരാതി. പുതിയ റൂട്ടുകളെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്താനോ, അവയുടെ വിവരങ്ങൾ സമർപ്പിക്കാനോ കഴിയാതിരുന്നതാണ് പുതിയ ബസുകൾ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ജീവനക്കാർതന്നെ ചൂണ്ടിക്കാട്ടുന്നു.
പാലാ ഡിപ്പോ- 14, എരുമേലി- എട്ട്, കോട്ടയം- എട്ട്, പൊൻകുന്നം- രണ്ട്, ചങ്ങനാശ്ശേരി- ആറ്, വൈക്കം- ഒന്ന് എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ ഡിപ്പോകളിലേക്ക് ബസുകൾ അനുവദിച്ചത്. എട്ടുവർഷമായി ഡിപ്പോക്ക് ഒരു പുതിയ ബസുപോലും അനുവദിച്ചിട്ടില്ല. പുതിയ പട്ടികയിലും അവഗണിച്ചതിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്.
ഇതിനിടെ, തകരാറൊന്നുമില്ലാത്ത രണ്ട് ബസ് നാല് മാസമായി സർവിസിന് അയക്കുന്നില്ലെന്നും ആരോപണമുണ്ട്.മികച്ച വരുമാനമുണ്ടായിരുന്ന രണ്ട് ബസുകളാണ് ജി.പി.എസ് ഇല്ലാത്തതിന്റെ പേരിൽ സർവിസ് നടത്താത്തത്.
കോവിഡിന് മുമ്പുവരെ എറണാകുളം സോണിലെ ഏറ്റവും മികച്ച ഡിപ്പോയെന്ന എന്ന അംഗീകാരം പലതവണ ഈരാറ്റുപേട്ടക്ക് ലഭിച്ചിരുന്നു. 80 ബസുകൾ വരെ ഡിപ്പോയിലുണ്ടായിരുന്നു.
എന്നാൽ, ഇപ്പോൾ 32 ബസ് മാത്രമാണ് ഡിപ്പോയിലുള്ളത്. ലാഭത്തിലുള്ള പല സർവിസും നിർത്തലാക്കുകയും ചെയ്തു. വിശാലമായ ഗാരേജും വിപുലമായ വർക്ക് ഷോപ്പും ഉൾപ്പെടെയുള്ള ഡിപ്പോക്കാണ് ഈ ദുരവസ്ഥ. കഴിഞ്ഞ സർക്കാറിന്റെ ഭരണകാലത്ത് 1.5 കോടി ചെലവിട്ട് പുതിയ കെട്ടിടവും നിർമിച്ചിരുന്നു.
മലയോര മേഖലയിലെ ആയിരക്കണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന ഡിപ്പോയാണിത്. ഇതിന് അനുസരിച്ച് സർവിസുകൾ നടത്താൻ നടപടി വേണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരേണ്ട മാസാന്ത യോഗം ഒരുവർഷമായി മുടങ്ങിയിരിക്കുകയാണ്. യൂനിയൻ ഭാരവാഹികളും യൂനിറ്റ് അധികാരികളെയും പങ്കെടുപ്പിച്ചുള്ള മാസാന്ത യോഗം നടക്കാത്തത് ഡിപ്പോയുടെ വികസനത്തെ ബാധിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.