ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജ് കോളജ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം. അനധികൃത പാർക്കിങ്ങാണ് പ്രധാനകാരണം. ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. പരാതി ഉയരുമ്പോൾ മാത്രം പൊലീസ് ശ്രദ്ധിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് നഗരത്തിലെ ട്രാഫിക് നിയന്ത്രണമെന്നും ആക്ഷേപമുണ്ട്. പല ആവശ്യങ്ങൾക്കായി എത്തുന്നവർ വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്കിന് മുഖ്യ കാരണമാകുന്നത്. അരുവിത്തുറ കോളജ്, സെന്റ് മേരിസ് എൽ.പി സ്കൂൾ, ബാങ്ക്, അക്ഷയ കേന്ദ്രം, സബ് രജിസ്ട്രാർ ഓഫിസ്, വില്ലേജ് ഓഫിസ്, പോസ്റ്റ് ഓഫിസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഈ ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് എത്തുന്നവരുടെ വാഹനങ്ങളാണ് കൂടുതലായും പാർക്ക് ചെയ്യുന്നത്. പെൻഷൻ മാസ്റ്ററിങ്ങിന് വേണ്ടി പ്രായമായവർ അക്ഷയ കേന്ദ്രത്തിലേക്ക് വാഹനങ്ങളിലാണ് വരുന്നത്. ഇാ അവരെ കാത്ത് കിടക്കുന്നതും കുരുക്കിന് ഇടയാക്കുന്നുണ്ട്. അരുവിത്തുറ ജങ്ഷനിൽനിന്ന് ടൗൺ ചുറ്റാതെ പാലാ റോഡിലക്കിറങ്ങാനുള്ള ബൈപാസ് റോഡായതിനാൽ വലിയൊവുവിഭാഗം ഇതിനെ ആശ്രയിക്കുന്നുണ്ട്. ടൗണിലെ അവസ്ഥയും മറ്റൊന്നല്ല.
നഗരസഭ ശമ്പളം നൽകുന്ന ഒരു ഹോം ഗാർഡ് മാത്രമാണ് ട്രാഫിക് നിയന്ത്രിക്കാനുള്ളത്. ഓട്ടോറിക്ഷകളുടെ അനിയന്ത്രിത കറക്കവും ബസ്സുകളുടെ മെല്ലെ പോക്കും അഹമ്മദ് കുരിക്കൽ നഗർ പ്രദേശത്ത് ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. തിരക്കുള്ള പ്രദേശങ്ങളിൽ ട്രാഫിക് പൊലീസിനെ നിയോഗിച്ച് കുരുക്ക് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.