ഈരാറ്റുപേട്ട: നിരോധനങ്ങൾക്ക് പുല്ലുവില നൽകി നഗരസഭയിലും പരിസര പഞ്ചായത്തുകളിലും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ലഭ്യത സുലഭം. പ്ലാസ്റ്റിക് നിരോധന നിയമത്തിന് നിർമാതാക്കളും കച്ചവടക്കാരും ഉപഭോക്താക്കളും ഒരുവിലയും കൽപിക്കുന്നില്ല. അധികൃതരുടെ ഭാഗത്തുനിന്നാകട്ടെ തികഞ്ഞ മൗനവും. ഇതോടെ വഴിയോര കച്ചവടക്കാരും മറ്റ് കടക്കാരും പ്ലാസ്റ്റിക് കവറുകൾ തോന്നിയത് പോലെ ഉപയോഗിക്കുന്ന സ്ഥിതിയിലായി. മാർക്കറ്റുകളിലടക്കം വിവിധ നിറങ്ങളിലുള്ള നിരോധിത ക്യാരി ബാഗുകൾ പരസ്യമായി തൂക്കിയിടാൻ തുടങ്ങിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളിൽനിന്നാണ് ക്യാരി ബാഗ് രൂപത്തിൽ പ്ലാസ്റ്റിക് കൂടുതലായി ജനങ്ങളിലേക്ക് എത്തുന്നത്. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കവറുകൾ ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിലും തോടുകളിലും റോഡുകളിലുമാണ് വലിച്ചെറിയുന്നത്.
മൂന്ന് ദിവസമായി ഈരാറ്റുപേട്ടയിൽ വേനൽമഴ പെയ്യുന്നു. ആറ്റിലും തോട്ടിലും വെള്ളമായതോടെ പ്ലാസ്റ്റിക് കവറുകൾ ജലത്തിലൂടെ ഒഴുകി നടക്കുകയാണ്. ഇത് ആരോഗ്യപ്രശ്നങ്ങൾ ഇടവരുത്തും. നഗരസഭയിലെ ഗ്രാമപഞ്ചായത്തുകളിലെയും ഹരിതകർമ സേന അംഗങ്ങൾ വീടുകൾ കയറി കൃത്യമായി പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നുണ്ടെന്നല്ലാതെ പ്ലാസ്റ്റിക് ഉപയോഗത്തിൽ ജനങ്ങൾ ഒരുകുറവും വരുത്തിയിട്ടില്ല. 2020 ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാവർത്തികമായെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും നിരോധനം പൂർണമായും നടപ്പിൽ വരുത്താൻ സാധിച്ചിട്ടില്ല. നിരന്തരവും കർശനവുമായ പരിശോധന ഇല്ലാത്തതാണ് പ്ലാസ്റ്റിക് ഉപയോഗം കൂടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.