ഈരാറ്റുപേട്ട: രാഷ്ട്രീയ വിവാദങ്ങളിൽപെട്ട് പ്രവർത്തനം തുടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ. നഗരസഭ പരിധിയിൽ രണ്ട് പ്രദേശത്തായി ആരംഭിക്കാനിരുന്ന അർബൻ പദ്ധതിയുടെ കാര്യത്തിൽ തീരുമാനമാകാത്തതോടെ കഴിഞ്ഞ ആറു മാസമായി ഈ ഇനത്തിൽ വിനിയോഗിക്കേണ്ട 80 ലക്ഷം രൂപയാണ് മുടങ്ങിക്കിടക്കുന്നത്.
പദ്ധതിയുടെ തുടക്കത്തിൽ തന്നെ കല്ലുകടി നേരിട്ടതാണ് പദ്ധതി തീരുമാനമാകാത്തതിന്റെ പ്രധാന കാരണം. കേന്ദ്രസർക്കാറിന്റെ ഹെൽത്ത് ഗ്രാന്റിൽനിന്ന് 1.68 കോടിയാണ് പദ്ധതിക്കായി ലഭിക്കുന്നത്. ജനസംഖ്യയുടെ ബാഹുല്യം കണക്കിലെടുത്ത് രണ്ട് ക്ലിനിക്ക് തുടങ്ങാനാണ് നാഷനൽ ഹെൽത്ത് മിഷന്റെ സർവേ പ്രകാരം നിശ്ചയിച്ചത്. 2000 സ്ക്വയർ ഫീറ്റിൽ കുറയാത്തതും മാസം 40,000 രൂപയിൽ വാടക കവിയാത്തതുമായ കെട്ടിടത്തിൽ ആരംഭിക്കാവുന്നതാണ്. പാർക്കിങ് സൗകര്യമുള്ളതും കാലപ്പഴക്കം ഇല്ലാത്തതുമായ കെട്ടിടമാണ് കണ്ടെത്തണമെന്നാണ് ഹെൽത്ത് മിഷൻ നിർദേശിച്ചത്. അതിനായി കടുവാമുഴി പ്രദേശത്തെ ആറുവരെ വാർഡുകളിൽപെട്ട സ്ഥലത്തും നടക്കൽ പ്രദേശത്തെ ഏഴ് മുതൽ 20വരെ ഉൾപ്പെടുന്ന വാർഡിലുമാണ് കെട്ടിടം കണ്ടെത്താൻ തീരുമാനിച്ചത്. കെട്ടിടം കണ്ടെത്തുന്നതിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചപ്പോൾ മുതലാണ് രാഷ്ട്രീയപ്രശ്നങ്ങൾ തുടങ്ങിയത്. വടക്കേക്കരയിലേത് മുട്ടം ജങ്ഷനിൽ ആരംഭിക്കണമെന്നായിരുന്നു ഭരണകക്ഷിയായ യു.ഡി.എഫ് തീരുമാനിച്ചത്. എന്നാൽ, വടക്കേക്കരയിലേത് വാക്കാപറമ്പിൽ ആരംഭിക്കണമെന്ന് മുസ്ലിംലീഗ് പ്രതിനിധി റിയാസ് പ്ലാമൂട്ടിൽ ഉന്നയിച്ചതോടെ യു.ഡി.എഫിൽ പ്രശ്നമായി.
ഇതിനായി വടക്കേകരയിൽനിന്ന് നഗരസഭ ഉപരോധം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾക്ക് ലീഗ് കൗൺസിലർ നേതൃത്വം നൽകി. സി.പി.എം-എസ്.ഡി.പി.ഐ പ്രതിനിധികളുടെ പിന്തുണയും ലീഗ് കൗൺസിലർ ആവശ്യപ്പെട്ടു. അർബൻ ഹെൽത്ത് ആൻഡ് വെൽനസ് ക്ലിനിക്കിന് കെട്ടിടം എടുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ വിളിച്ച അടിയന്തര കൗൺസിലിൽ ബഹളവും കൈയാങ്കളിയും തുടങ്ങിയതോടെ അജണ്ട പൂർണമാക്കാതെ കൗൺസിൽ പിരിച്ചുവിട്ടു. വടക്കേക്കരയിലെ കെട്ടിടത്തിന് 16 കൗൺസിലർമാരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും ഭരണകക്ഷിക്ക് താൽപര്യമില്ലാത്ത കെട്ടിടമായതിനാൽ വോട്ടിങ്ങിനിടാതെ കൗൺസിൽ പിരിച്ച് വിടുകയായിരുന്നു.ഒരു അജണ്ടയിലുള രണ്ട് കാര്യത്തിനും തീർപ്പ് കൽപിച്ചില്ലെങ്കിൽ ആദ്യം എടുത്ത തീരുമാനവും അംഗീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് 16 പ്രതിപക്ഷ കൗൺസിൽമാർ മിനിറ്റ്സിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയാണ് സഭ വിട്ടത്. നടക്കൽ പ്രദേശത്ത് ആരംഭിക്കുന്നതിനായി എട്ടാം വാർഡിൽ കുഴിവേലി റോഡിൽ നിലവിൽ ലോഡ്ജായി ഉപയോഗിക്കുന്ന കെട്ടിടമാണ് കണ്ടെത്തിയത്.
എന്നാൽ, കെട്ടിടത്തിന് പി.ഡബ്ല്യു.ഡി അംഗീകാരം നൽകാത്തതാണ് പ്രവർത്തനം തുടങ്ങാൻ തടസ്സമായി നിൽക്കുന്നത്.ഒന്നാംഘട്ടം അനുവദിച്ച ഫണ്ടിന്റെ പകുതി തുക മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ കേരള മെഡിക്കൽ സർവിസസ് കോർപറേഷന് നൽകി.
ഫണ്ട് നഗരസഭ അക്കൗണ്ടിൽ എത്തിയിട്ടും വിനിയോഗിക്കാൻ കഴിയുന്നില്ല. ഈമാസം 20നകം സാങ്കേതിക അനുമതി പ്രക്രിയകൾ പൂർത്തിയാകേണ്ടതാണ്. കാലോചിതമായി ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.