ഈരാറ്റുപേട്ട: ലാറ്റക്സ് ഫാക്ടറിയിലെ മാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി. പൂഞ്ഞാർ പഞ്ചായത്തിലെ കൊക്കരണിയിൽ പ്രവർത്തിക്കുന്ന ലാറ്റക്സ് ഫാക്ടറിയിൽനിന്നാണ് രാത്രി കൊക്കരണി തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത്. മഴയുള്ള സമയത്താണ് കൂടുതലായും മാലിന്യം ഒഴുക്കുന്നത്. പൂഞ്ഞാർ പഞ്ചായത്തിലാണ് ഫാക്ടറിയെങ്കിലും ഇവിടുത്തെ മാലിന്യം തിടനാട് പഞ്ചായത്തിലെ കൊക്കരണി തോട്ടിലൂടെ ചിറ്റാറിലെത്തി മീനച്ചിലാറ്റിലേക്കാണ് എത്തുന്നത്.
മാലിന്യത്തിലെ വിഷാംശം കാരണം കൊക്കരണി തോട്ടിൽ മീനുകളെല്ലാം ചത്തെന്ന് നാട്ടുകാർ പറയുന്നു. കൊക്കരണി, കരിമ്പനോലി, വാരിയാനിക്കാട് എന്നിവങ്ങളിലെ 150 ലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന തോടാണ് കൊക്കരണി തോട്. ഇപ്പോൾ തോട്ടിൽ കുളിക്കാനിറങ്ങളിയാൽ ദേഹമാകെ ചെറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. മാലിന്യം പുറത്തേക്ക് ഒഴുകുന്ന സമയത്ത് സമീപ പ്രദേശങ്ങളിലെല്ലാം അസഹനീയമായ ദുർഗന്ധവും ഉണ്ടാകുന്നു. ഇതോടെ കുട്ടികൾക്ക് വീട്ടിലിരുന്ന് പഠിക്കാൻ പോലും പറ്റാത്ത സാഹചര്യം ആണെന്ന് പരാതിക്കാർ പറയുന്നു. പ്രദേശവാസികൾ തിടനാട് പഞ്ചായത്തിൽ പരാതി നൽകി.
ഫാക്ടറി പ്രവർത്തിക്കുന്ന പൂഞ്ഞാർ പഞ്ചായത്തിലായതിനാൽ തിടനാട് പഞ്ചായത്ത് ലഭിച്ച പരാതി പൂഞ്ഞാറിന് കൈമാറി. പൂഞ്ഞാർ പഞ്ചായത്ത് അധികൃതർ ഫാക്ടറിയിലെത്തി പരിശോധന നടത്തുകയും തോട്ടിലെ ജലം പരിശോധക്കായി എടുക്കുയും ചെയതു. ഇനിയും ഫാക്ടറിയിൽനിന്ന് മലിനജലം തോട്ടിലൂടെ ഒഴുക്കിവിട്ടാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.