ഈരാറ്റുപേട്ട: നഗരസഭ ജീവനക്കാരുടെയും ഐ.ആർ. ഡബ്ല്യു ടീം അംഗങ്ങളുടെയും നേതൃത്വത്തിൽ മീനച്ചിലാർ ശുചീകരിച്ചു. തെക്കേകര കോസ്വേ പാലത്തിനും ചെക് ഡാമിനും ഇടക്കുള്ള പ്രദേശമാണ് ചൊവ്വാഴ്ച ശ്രമദാനത്തിലൂടെ ശുദ്ധീകരിച്ചത്. ആറിന്റെ ഓരത്തുകിടന്ന മാലിന്യം മൊത്തമായും ഒഴുകി വെള്ളത്തിലേക്ക് എത്തിയിരുന്നു. ഇത് സോഷ്യൽമീഡിയയിൽ ചർച്ചയായതിനെ തുടർന്നാണ് ശുചീകരിക്കാൻ തീരുമാനിച്ചത്.
തീരത്ത് വാടക്കക്ക് കൊടുത്തിരിക്കുന്ന കെട്ടിടങ്ങളിൽ താമസിക്കുന്ന അയൽ സംസ്ഥാന തൊഴിലാളികളും ഈ പ്രദേശത്തിലൂടെ ഒഴുകുന്ന കൈത്തോടിന് സമീപത്ത് താമസിക്കുന്ന ചില വീട്ടുകാരുമാണ് മാലിന്യം നദിയിലേക്ക് വലിച്ചെറിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രദേശത്തെ കെട്ടിട ഉടമസ്ഥരുടെയും വാർഡ് പ്രതിനിധികളുടെയും ആശാ വർക്കർ, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവരുടെയും അടിയന്തര യോഗം അടുത്ത ദിവസം ചേരുമെന്ന് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഫ്ന അമീൻ അറിയിച്ചു. മീനച്ചിലാർ പൂർണമായും ശുചീകരിക്കുന്നതിന് വരും ദിവസങ്ങളിൽ ആർ.ആർ ടീം അംഗങ്ങളും സന്നദ്ധ സംഘടനകളും പങ്ക് ചേരുമെന്ന് നഗരസഭ ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.