ഈരാറ്റുപേട്ട: കഴിഞ്ഞ നാലരപ്പതിറ്റാണ്ടിലേറെ സെൻട്രൽ ജമാഅത്തായ നൈനാർ ജുമാമസ്ജിദിന്‍റെ ചീഫ് ഇമാമായി സേവനം അനുഷ്ഠിച്ചിരുന്ന പണ്ഡിത ശ്രേഷ്ഠൻ കെ.എച്ച്. മുഹമ്മദ് ഇസ്മയിൽ മൗലവിയുടെ (72) വിടവാങ്ങൽ നാടിന് വേദനയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം.
മരണവാർത്ത അറിഞ്ഞതുമുതൽ നൂറുകണക്കിന് പേരാണ് പ്രിയ ഇമാമിനെ കാണാനെത്തിയത്. ജനബാഹുല്യം കണക്കിലെടുത്ത് വ്യാഴാഴ്ച രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെ മൃതദേഹം നൈനാർ പള്ളിയിൽ പൊതുദർശനത്തിനുവെച്ചു. ഇടക്ക് കുറച്ചുസമയം മാത്രമാണ് വീട്ടിൽ കൊണ്ടുപോയത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനുപേർ ജനാസ നമസ്കാരത്തിനെത്തി.
ഭൗതിക വിദ്യാഭ്യാസത്തിനുശേഷം മതപഠനത്തിൽ എം.എഫ്.ബി ബിരുദം കരസ്ഥമാക്കി. കോട്ടാങ്ങൽ, ചിറക്കടവ്, കാഞ്ഞാർ പ്രദേശങ്ങളിൽ ഇമാം ജോലിക്കൊപ്പം മദ്റസ അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. ഇതുവഴി കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യഗണങ്ങളാണുള്ളത്. 1974 ഒക്ടോബർ 23നാണ് നൈനാർ പള്ളിയിൽ ഖതീബായി ചുമതലയേറ്റത്. അന്നുമുതൽ നീണ്ട 48 വർഷം ഇസ്മായിൽ മൗലവിയാണ് നൈനാർ പള്ളിയുടെ ചീഫ് ഇമാം സ്ഥാനം അലങ്കരിച്ചത്.
നാലായിരത്തോളം വരുന്ന മഹല്ല് അംഗങ്ങൾക്കിടയിയിൽ സർവസമ്മതനും ഖാദിയുമായിരുന്നു അദ്ദേഹം. നാട്ടിലെ ജീവകാരുണ്യ ആവശ്യങ്ങൾക്ക് പള്ളിയിൽനിന്ന് പണം സ്വരൂപിച്ചുനൽകാൻ പ്രത്യക താൽപര്യം കാണിച്ചിരുന്നു. ദക്ഷിണകേരള ജംഇയ്യതുൽ ഉലമയുടെ മേഖല പ്രസിഡന്‍റ്, ജില്ല പ്രസിഡന്‍റ് സ്ഥാനങ്ങൾ ഉൾപ്പെടെ വഹിച്ചിട്ടുണ്ട്.
ആന്‍റോ ആന്‍റണി എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ദക്ഷിണകേരള ജംഇയ്യതുൽ ഉലമ നേതാക്കളായ തൊടിയൂർ കുഞ്ഞ്മുഹമ്മദ് മൗലവി, കടക്കൽ അബ്ദുൽ അസീസ് മൗലവി, സി.എ. മൂസ മൗലവി, എം.എം. ബാവ മൗലവി, വി.എം. അബ്ദുല്ല മൗലവി, രണ്ടാർകര മീരാൻ മൗലവി, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.കെ. തോമസ്കുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര, അരുവിത്തുറ പള്ളിവികാരി ഫാ. ഡോ. അഗസ്റ്റ്യൻ പാലക്കപറമ്പിൽ, സി.പി.എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ജി. ശേഖരൻ, വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡന്‍റ് എ.എം.എ. ഖാദർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എ.എം. അബ്ദുസ്സമദ്, പുത്തൻപള്ളി ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി, മുഹ്യിദ്ദീൻ പള്ളി ചീഫ് ഇമാം, വി.പി. സുബൈർ മൗലവി, വാർഡ് കൗൺസിലർ സഹല ഫിർദൗസ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തി.
വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നൈനാർപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.