ഈരാറ്റുപേട്ട: പ്രഖ്യാപനങ്ങൾ തുടരുമ്പോഴും ഈരാറ്റുപേട്ട നഗരസഭയിലെ മാലിന്യ സംസ്കരണ പദ്ധതികൾ പാതിവഴിയിൽ. മാറിമാറി വന്ന ജനപ്രതിനിധികൾ മാലിന്യ സംസ്കരണത്തിനായി പല പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും അതൊന്നും ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
ലോക ബാങ്കിന്റെ സഹായത്തോടെ 80 ലക്ഷം രൂപ മുടക്കി അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നടപ്പാക്കിയ തുമ്പൂർമുഴി പദ്ധതിയും വേണ്ട രീതിയിൽ ഫലം കണ്ടില്ല.
ജൈവ മാലിന്യങ്ങളെ രാസപ്രവർത്തനങ്ങളിലൂടെ വളമാക്കിമാറ്റുന്നതിനായി 25 യൂനിറ്റുകളാണ് സ്ഥാപിച്ചത്. എന്നാൽ സംസ്കരിച്ചെടുത്ത ജൈവവളങ്ങൾക്ക് വേണ്ട ഗുണമേൻമ ഇല്ലാതിരുന്നതും സമയബന്ധിതമായി വിറ്റഴിക്കാതെ വന്നതും പ്രതിസന്ധി സൃഷ്ടിച്ചു. 2020 ജനുവരി ആദ്യത്തില്‍ ‘പുതിയ വര്‍ഷം പുതിയ പേട്ട’ എന്ന ലക്ഷ്യവുമായി സമ്പൂര്‍ണ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും പാതി വഴിയിൽ നിലച്ചു. അതിനിടയിലാണ് പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് ഗ്രീൻ ട്രൈബ്യൂണൽ നഗരസഭക്ക് 23 ലക്ഷം രൂപ പിഴയിട്ടത്.
ഉറവിടമാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കണം, വീടുകളിൽ നിന്ന് തരംതിരിച്ച് മാലിന്യം ശേഖരിക്കണം, പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് എല്ലാ പ്രധാനകേന്ദ്രങ്ങളിലും സംഭരണ കേന്ദ്രങ്ങൾ തുടങ്ങണം, മാലിന്യ സംസ്കരണത്തിനായി റിങ് കമ്പോസ്റ്റ് സംവിധാനം ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് ഗ്രീൻ ട്രൈബ്യൂണൽ അന്ന് നൽകിയത്.
‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന ലക്ഷ്യപൂർത്തീകരണത്തിനായി മാലിന്യ നിർമാജനത്തിന് ശാശ്വത പരിഹാരമായി സർക്കാർ കൊണ്ട് വന്ന ഹരിതമിത്രം പദ്ധതിയും പ്രതീക്ഷയായിരുന്നു. നഗരസഭയിൽ 6.73 ലക്ഷം രൂപ മുടക്കി ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു ഹരിതമിത്രം പദ്ധതി. വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേകമായി പതിക്കുന്ന ക്യൂ ആർ കോഡിന്റെ സഹകരണത്തോടെ
നഗരസഭയിയിലിരുന്ന് മാലിന്യനിർമാർജനം നിരീക്ഷിക്കാനുള്ള സംവിധാനവും വന്നതാണ്. നിരീക്ഷണത്തിലും നടത്തിപ്പിലും ആവശ്യമായ പരിചയമില്ലാത്തത് കൊണ്ട് തുടങ്ങിയയിടത്ത് തന്നെ നിൽക്കുകയാണ് ഹരിതമിത്രം പദ്ധതിയും.
ശുചിത്വമിഷൻ ഫണ്ട് ഉപയാഗിച്ച് 60 ലക്ഷം രൂപ ചിലവഴിച്ച് ഏറ്റവും നൂതനമായ ബയോബിന്നുകളാണ് വിതരണം ചെയ്തിരുന്നത്. ഇതിന്റെ ഉപയോഗക്രമം തുടർനിരീക്ഷണം നടത്തി വ്യവസ്ഥാപിതമാക്കാൻ കഴിയുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.
പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ മുന്നയിപ്പ് ബോർഡുകളും നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടും മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണം കൂടി വരികയാണ്.
പുതുമഴയിൽ ഒഴുകി മീനച്ചിലാറ്റിലേക്ക് എത്തുന്ന മാലിന്യക്കെട്ടുകളിലധികവും കൈത്തോടുകളിൽ നിന്നുള്ളതാണ്.ഓടകളെയും ചെറുതോടുകളെയും പ്രത്യേക മേഖലകളാക്കി മാറ്റി സംരക്ഷിക്കേണ്ടതും അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.