ഈരാറ്റുപേട്ട: ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. വൻ അപകടം ഒഴിവായത് തലനാരിഴക്ക്. ഞായറാഴ്ച ഒന്നരയോടെ മേലുടുക്കത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ തിരുവനന്തപുരം പണ്ടാരവളവ് സ്വദേശി എബി (24) യുടെ കൈ ഒടിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.
കാർ ഇറക്കം ഇറങ്ങി വന്ന കാറിന്റെ ബ്രേക്ക് നഷ്ടമായപ്പോൾ റോഡരികിൽ കണ്ട വീടിന്റെ മുറ്റത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. വേഗതയിൽ വന്ന വാഹനത്തെ തടഞ്ഞുനിർത്താൻ പറ്റിയതൊന്നും വീട്ടുമുറ്റത്ത് ഉണ്ടായിരുന്നില്ല. മുറ്റത്ത് കയറിയ കാർ വീടിന്റെ സംരക്ഷണ ഭിത്തി തകർത്ത് താഴേക്ക് വീഴുകയായിരുന്നു. കാർ 15 അടിയോളം താഴേക്ക് വീണു. വീടിന്റെ താഴെ പുരയിടത്തിന്റെ സംരക്ഷണ ഭിത്തിയിലേക്കാണ് വാഹനം വീണത്. ചോനമലയിൽ രാജേഷിന്റെ വീട്ടുമുറ്റത്തേക്കാണ് കാർ കയറിയത്.
ഈ സമയത്ത് മുറ്റത്ത് ആരും ഉണ്ടായിരുന്നില്ല. കൈ ഒടിഞ്ഞ എബിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് കഴിഞ്ഞ മൂന്ന് മാസമായി പത്തിലധികം അപകടങ്ങൾ സമാന നിലയിൽ നടന്നിട്ടുണ്ട്. അശ്രദ്ധമായി ഇറങ്ങി വരുന്നതാണ് കൂടുതലും അപകടത്തിന് കാരണം. വിനോദ സഞ്ചാരികളായി എത്തുന്നവർക്ക് സ്ഥല പരിചയമില്ലാത്തതും കുത്തനെയുള്ള ഇറക്കവും വളവുമാണ് വാഹനങ്ങൾ നിയന്ത്രണം വിടാനുള്ള കാരണങ്ങൾ. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.