ഈരാറ്റുപേട്ട: വാഗമൺ റൂട്ടിൽ പുലർച്ചയും രാത്രിയിലും ബസില്ലാത്തതിനാൽ യാത്രക്ലേശം രൂക്ഷം. വൈകീട്ട് 7.15ന് ശേഷം ഈരാറ്റുപേട്ടയിൽനിന്ന് ഈ റൂട്ടിലേക്ക് ബസില്ല. നേരത്തേ രാത്രി എട്ടിന് കോലാഹലമേട്ടിലേക്കുള്ള സ്റ്റേ ബസായിരുന്നു റൂട്ടിലെ അവസാന ബസ്.
കോവിഡ് വന്നതോടെ ഈ സർവിസ് നിന്നുപോയി. ശേഷം മറ്റുപല സർവിസും പുനരാരംഭിച്ചെങ്കിലും കോലാഹലമേട് ബസ് മാത്രം തുടങ്ങിയിട്ടില്ല. ഇതോടെ വേലത്തുശ്ശേരി, മാവടി, ഒറ്റയീട്ടി, വെള്ളിക്കുളം മേഖലകളിലേക്കുള്ള യാത്രക്കാർ തീക്കോയിയിലെത്തി വലിയ തുക മുടക്കിവേണം വീടുകളിലേക്ക് എത്താൻ.
ടൂറിസം സ്ഥാപനങ്ങളിലെ ജീവനക്കാരും വാഗമൺ, പുള്ളിക്കാനം, കോലാഹലമേട് തുടങ്ങിയ ഇടങ്ങളിലെ സ്ഥാപനങ്ങളിലെ ജീവനക്കാരും കുരിശുമല ആശ്രമത്തിലേക്കുള്ളവരും ഉൾപ്പെടെ ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ, ബസില്ലാത്തതിനാൽ യാത്രക്കാർ വലയുകയാണ്. ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോയിവരുന്നവരും പുറത്തുനിന്ന് വൈകീട്ട് വാഗമൺ ഭാഗത്തേക്ക് വരുന്നവരും പലപ്പോഴും ബന്ധുവീടുകളിൽ തങ്ങുകയോ വലിയ തുക ചെലവാക്കി ഓട്ടോറിക്ഷ വിളിക്കുകയോ വേണം. രാവിലെ വാഗമണ്ണിൽനിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള യാത്രക്കാർക്കും ഇതാണ് അവസ്ഥ. ഇവിടെനിന്നുള്ള ആദ്യ ബസ് എത്തുമ്പോള്‍ ഏഴ് മണിയാകും. ഒമ്പതു മണിയാകാതെ യാത്രക്കാർക്ക് കോട്ടയത്ത് എത്താനാകില്ല. എറണാകുളം, ആലപ്പുഴ, മെഡിക്കൽ കോളജ് ഭാഗങ്ങളിലേക്ക് പോകേണ്ടവരും അവിടെ എത്തുമ്പോൾ ഏറെ വൈകുന്ന അവസ്ഥയാണ്.
ടൂറിസ്റ്റുകളടക്കം ഈ റൂട്ടിൽ യാത്രചെയ്യുന്നവരുണ്ട്. രാവിലെ ആറോടെ ഈരാറ്റുപേട്ടയിലെത്തുംവിധം ബസ് സർവിസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വൈകീട്ട് വാഗമൺ ഭാഗത്തേക്ക് സ്റ്റേ ബസ് തുടങ്ങിയാൽ ഇതേ ബസ് പുലർച്ച ആദ്യ സർവിസായി ഈരാറ്റുപേട്ടയിലേക്ക് എത്തിച്ചേരാനാകും. നേരത്തേ കുമളിയിൽനിന്നുള്ള സ്വകാര്യ ബസ് അതിരാവിലെ ഈ റൂട്ടിൽ ഓടിയിരുന്നു. തമിഴ്നാട്ടിൽനിന്നുള്ള യാത്രക്കാരടക്കം ഈ ബസിനെയാണ് ആശ്രയിച്ചിരുന്നത്. നിലവിൽ വാഗമൺ വഴി കുമളിയിലേക്ക് ബസ് സർവിസ് ഇല്ല. കട്ടപ്പന, ഈരാറ്റുപേട്ട ഡിപ്പോകളിൽനിന്നുമായാണ് ഈ റൂട്ടിലേക്കുള്ള സർവിസുകൾ ഓപറേറ്റ് ചെയ്യുന്നത്. രാവിലെയും വൈകീട്ടും പൊതുജനങ്ങൾക്ക് പ്രയോജനം കിട്ടുംവിധം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് തുടങ്ങണമെന്ന് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.