എരുമേലി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുവമൊഴി കൊരട്ടി ഭാഗത്ത് കൊണ്ടുപ്പറമ്പിൽ വീട്ടിൽ അഖിൽ വിജയൻ (31), ആലംപരപ്പ് കോളനി ഭാഗത്ത് കേളിയംപറമ്പിൽ വീട്ടിൽ അലൻ ജോൺ (24), കരിമ്പനാകുന്നേൽ വീട്ടിൽ അമൽ കെ.ഷാജി (21), എരുമേലി നേർച്ചപ്പാറ തെങ്ങുംവിളയിൽ വീട്ടിൽ അനന്തു അജി (23), കൂവപ്പള്ളി ആലംപരപ്പ് കോളനിയിൽ പുത്തൻവിളയിൽ വീട്ടിൽ അനന്തു മോഹനൻ (25) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
എരുമേലി വാഴക്കാല പെട്രോൾ പമ്പിന് സമീപം എരുമേലി മുട്ടപ്പള്ളി സ്വദേശിയായ യുവാവിനെ ഇവർ സംഘം ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പ്രതികളിലൊരാൾ യുവാവിനോട് പണം ചോദിക്കുകയും, യുവാവ് പണം നൽകാതിരുന്നതിനുള്ള വിരോധം മൂലം യുവാവിനെ ആക്രമിക്കുകയുമായിരുന്നു. ഇതിന് മുമ്പും ഇവർ ഇയാളെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയിരുന്നു. കൂടാതെ മുമ്പ് യുവാവ് ഡ്രൈവറായി ജോലിചെയ്തിരുന്ന ലോഡ്ജിൽ ഇവർ മുറി ആവശ്യപ്പെട്ട് എത്തുകയും എന്നാൽ യുവാവ് ഇവര്‍ക്ക് മുറി നൽകരുത് എന്ന് പറഞ്ഞതിലുള്ള വിരോധവും ഇവർക്കിടയിൽ നിലനിന്നിരുന്നു. ആക്രമിച്ചതിനുശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസെടുത്തു. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അനന്തു മോഹനനെ എരുമേലിയിൽ നിന്നും മറ്റു നാലുപേരെ എറണാകുളത്തുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളിലൊരാളായ അഖിൽ വിജയന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ കൊലപാതകശ്രമ കേസും, അലൻ ജോണിന് എരുമേലി, തൃശ്ശൂർ വെസ്റ്റ് എന്നിവിടങ്ങളിലായി മയക്കുമരുന്ന്, മോഷണകേസും, അമൽ കെ.ഷാജിക്ക് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലായി മയക്കുമരുന്ന് കേസുകളും, അനന്തു ഷാജിക്ക് എരുമേലി, തൃശ്ശൂർ വെസ്റ്റ് എന്നിവിടങ്ങളിലായി മയക്കുമരുന്ന്, അടിപിടി, മോഷണം എന്നീ കേസുകളും നിലവിലുണ്ട്.
എരുമേലി എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐ ശാന്തി കെ.ബാബു, എസ്.ഐ രാജേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.