എരുമേലി: തുടർച്ചയായി തീർഥാടക വാഹനങ്ങൾ എത്തിയതോടെ എരുമേലി ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം നിശ്ചലമായി. രണ്ടു ദിവസമായി എരുമേലിയിൽ തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പേട്ടതുള്ളൽ പാതയിലെ തിരക്ക് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. തീർഥാടകർക്കിടയിലൂടെ വാഹനങ്ങൾ പോകാനുള്ള ബുദ്ധിമുട്ടാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. ഇതോടെ ടൗണിൽനിന്ന് എല്ലാ പ്രധാന റോഡുകളിലും കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു. തീർഥാടകർ റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുന്ന കാഴ്ചയും ശനിയാഴ്ച എരുമേലിയിൽ ഉണ്ടായി. വിദ്യാർഥികളും യാത്രക്കാരുമാണ് ഗതാഗതക്കുരുക്കിൽ ഏറ്റവുമധികം കഷ്ടത അനുഭവിച്ചത്. പേട്ടതുള്ളൽ പാതയായ എരുമേലി ടൗണിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പേട്ടതുള്ളുന്ന തീർഥാടകർ പലയിടങ്ങളിലും റോഡ് മുറിച്ചുകടക്കുന്നുണ്ട്. ഇവിടെ പൊലീസ് നിയന്ത്രണം ഉണ്ടെങ്കിലും നിരനിരയായി വാഹനങ്ങൾ എത്തുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.
കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കിൽ അകപ്പെട്ട സ്വകാര്യ ബസുകൾക്ക് സമയത്ത് എരുമേലിയിൽ എത്താൻ കഴിയാതെ തിരിച്ചുപോയത് സ്കൂൾ വിദ്യാർഥികളടക്കം യാത്രക്കാരെ ദുരിതത്തിലാക്കി. മണിപ്പുഴക്ക് സമീപത്തുള്ള സ്കൂളിലെ വിദ്യാർഥികൾ കിലോമീറ്ററുകളോളം നടന്ന് തളരുന്ന കാഴ്ചയാണ് കുറച്ച് ദിവസങ്ങളായി കാണാൻ കഴിയുന്നത്.
വാഹനങ്ങൾ അധികമായി എരുമേലിയിലേക്ക് എത്തുമ്പോൾ തീർഥാടക വാഹനങ്ങൾ ടൗൺ ഒഴിവാക്കി പാരലൽ റോഡിലൂടെ കടത്തിവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തീർഥാടകരുടെ തിരക്ക് അനുഭവപ്പെടുന്ന റോഡുകളിലും ജങ്ഷനുകളിലും ഏതാനും പൊലീസിനൊപ്പം ഗതാഗത നിയന്ത്രണങ്ങളിൽ പരിശീലനമില്ലാത്ത സ്പെഷൽ പൊലീസിനെ നിർത്തുന്നതിൽ ഒരു പ്രയോജനവും ഇല്ലെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.