എരുമേലി: പമ്പയിലെ തിരക്ക് കണക്കിലെടുത്ത് എരുമേലിയിൽ തീർഥാടക വാഹനങ്ങൾ തടഞ്ഞ് പൊലീസ്. ഇത് എരുമേലി ടൗണിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി. എരുമേലിയിലെ പാർക്കിങ് മൈതാനങ്ങൾ നിറഞ്ഞതോടെ തീർഥാടകരുടെ വാഹനങ്ങൾ റോഡിൽ തടഞ്ഞിട്ടു.
ഇതോടെ എരുമേലിയിലെ പ്രധാന റോഡുകളെല്ലാം മണിക്കൂറുകളോളം നിശ്ചലമായി. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിരനീണ്ടു. മണിക്കൂറോളം റോഡിൽ അകപ്പെട്ട തീർഥാടകർ പിന്നീട് വാഹനങ്ങൾ ഒഴിവാക്കി നടന്ന് പോകേണ്ട സാഹചര്യമെത്തി. രണ്ടുദിവസമായി എരുമേലിയിലേക്ക് തീർഥാടക വാഹനങ്ങൾ ഒഴുകിയെത്തുകയാണ്.
ചൊവ്വാഴ്ച പുലർച്ച മുതലാണ് എരുമേലിയിൽ വാഹനങ്ങൾ തടഞ്ഞത്. പിന്നീട് രാവിലെ പത്തോടെയാണ് കടത്തിവിട്ട് തുടങ്ങിയത്. 11.30ഓടെ വീണ്ടും വാഹനങ്ങൾ തടഞ്ഞത് തീർഥാടകരുടെ പ്രതിഷേധത്തിന് കാരണമായി. കേരളത്തിൽനിന്നുള്ള തീർഥാടക വാഹനങ്ങൾ പൊലീസ് കടത്തിവിടുന്നുവെന്ന് ആരോപിച്ച് മറ്റ് സംസ്ഥാനത്തുനിന്നെത്തിയവർ കേരള രജിസ്ട്രേഷനിലുള്ള തീർഥാടക വാഹനങ്ങൾ തടയാനും ശ്രമിച്ചു. ഇത് നേരിയ തോതിൽ വാക്കേറ്റത്തിനും കാരണമായി.
പൊലീസ് പാർക്കിങ് മൈതാനങ്ങളിൽ വാഹനങ്ങൾ പിടിച്ചിടുന്നതോടെ പാർക്കിങ് ഫീസ് ഇനത്തിൽ നല്ലൊരു സാമ്പത്തിക നഷ്ടം അനുഭവിക്കേണ്ടി വരുന്നുവെന്നും തീർഥാടകർ പറയുന്നു. പ്രതിഷേധത്തിനിടെ ഉച്ചക്ക് ഒരു മണിയോടെ തീർഥാടക വാഹനങ്ങൾ പൊലീസ് കടന്നുപോകാൻ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.