എരുമേലി: ടൗണില്‍ ഓട്ടോ സ്റ്റാന്‍ഡ് നിശ്ചയിച്ച് വെള്ള വരകള്‍ വരച്ച് പാര്‍ക്കിങ് ഏരിയ തിരിച്ച് നല്കാന് എരുമേലിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. എരുമേലിയിലെ ഓട്ടോ തൊഴിലാളി, വ്യാപാരി പ്രതിനിധികളെ ഉള്‍പ്പെടുത്തി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
എരുമേലി ടൗണില്‍ ഓട്ടോ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമാണ് യോഗം വിളിച്ചത്. വീതി കുറഞ്ഞ റോഡിന്റെ ഓരങ്ങളിലാണ് നിലവില്‍ ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ചില വ്യാപാരികള്‍ കോടതിയെ സമീപിച്ച് ടൗണിലെ കുറച്ച് ഭാഗങ്ങളിലെ ഓട്ടോ പാര്‍ക്കിങ് തടഞ്ഞിരുന്നു. സ്ഥല പരിമിതിയില്‍ നട്ടംതിരിയുന്ന എരുമേലിയില്‍ ഓട്ടോ - ടാക്സി സ്റ്റാന്‍ഡ് വേണമെന്ന ആവശ്യവും ഇതോടെ ശക്തമായി.
ശനിയാഴ്ച പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഓട്ടോ പാര്‍ക്കിങ്ങിന് സ്ഥലം തിരിച്ച് കൊടുക്കാന്‍ തീരുമാനമായത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മറ്റ് വകുപ്പുകളെ ഉള്‍പ്പെടുത്തി വേണം ഇത് നടപ്പാക്കാന്‍. ഇതിനായി പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
എരുമേലി ടൗണിലും സമീപങ്ങളിലുമായുള്ള അഞ്ച് ഓട്ടോ സ്റ്റാന്‍ഡുകളിലും വെള്ള വരകള്‍ വരച്ച് പാര്‍ക്കിങ് ഏരിയ കൃത്യമായി തിരിച്ച് പഞ്ചായത്ത് വക ഓട്ടോ സ്റ്റാന്‍ഡ് എന്ന ബോര്‍ഡ് വെച്ച് സ്റ്റാന്‍ഡുകള്‍ക്ക് നമ്പറിടണം. ഈ സ്റ്റാന്‍ഡില്‍ ഓടുന്ന ഓട്ടോകൾക്ക് നമ്പരിട്ട് പഞ്ചായത്ത് പെര്‍മിറ്റ് നല്‍കും. സ്റ്റാന്‍ഡ് പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ സ്റ്റാന്‍ഡില്‍ കിടന്ന് ഓടാന്‍ അനുവാദം നല്കാന് പാടുള്ളു.
പുതുതായി എത്തുന്നവര്‍ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച് പെര്‍മിറ്റ് എടുക്കണം. വ്യാപാരികളുമായി സഹകരിച്ചു വേണം ഇത് നടപ്പാക്കാന്‍. എം.എല്‍.എയുടെ നേതൃത്വത്തില്‍ മറ്റ് വകുപ്പ് ഉദ്ദ്യോഗസ്ഥരും ഓട്ടോ തൊഴിലാളികളും വ്യാപാരികളും ജനപ്രതിനിധികളും സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി അഭിപ്രായങ്ങള്‍ കേള്‍ക്കും.
പഞ്ചായത്ത് പ്രസിഡന്റ് ജിജിമോള്‍ സജി, സെക്രട്ടറി മണിയപ്പന്, പഞ്ചായത്തംഗങളായ നാസര്‍ പനച്ചി, ലിസി സജി, പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരി വ്യവസായി പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.