എരുമേലി: ഭരിക്കാൻ രണ്ടര വർഷക്കാലം മാത്രം മുന്നിലുള്ളപ്പോൾ പ്രസിഡന്റിനെ തീരുമാനിക്കാനാകാതെ കോൺഗ്രസ്. എരുമേലി പഞ്ചായത്തിൽ അവിശ്വാസത്തിലൂടെ എൽ.ഡി.എഫ് ഭരണത്തെ താഴെയിറക്കാൻ കോൺഗ്രസിനായെങ്കിലും പഞ്ചായത്ത് പ്രസിഡന്റിനെച്ചൊല്ലിയുള്ള ചർച്ചകൾ ഒന്നുമായില്ല.
ഏപ്രിൽ 12നാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫ് - 11, എൽ.ഡി.എഫ് - 11, സ്വതന്ത്രൻ - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രനെ കൂടെ നിർത്തിയാണ് അവിശ്വാസം വിജയിക്കാൻ യു.ഡി.എഫിനായത്. സ്വതന്ത്രന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാൻ നേരത്തേ യു.ഡി.എഫിൽ ധാരണയായിരുന്നു.
വനിത സംവരണമായ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് വനിത അംഗങ്ങളുള്ള കോൺഗ്രസിൽ നേരേത്ത തർക്കം നിലനിന്നിരുന്നു. പിന്നീട് ഇവരിൽ ചിലർ പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് പാർട്ടിയെ അറിയിച്ചു. ബാക്കി വരുന്നവർക്ക് പ്രസിഡന്റ് സ്ഥാനം വീതംവെച്ച് നൽകുന്നതാകും ഉത്തമമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലുള്ളവർക്ക് ഒരു ടേമും എരുമേലി മേഖലയിലുള്ളവർക്ക് മറ്റൊരു ടേമും നൽകാമെന്ന ധാരണയാണ് ഇപ്പോഴുള്ളത്. ഫലത്തിൽ ആറ് മാസത്തേക്ക് ഒരു പ്രസിഡന്റ് എന്നതാകും കോൺഗ്രസിന്റെ അവസ്ഥ. എരുമേലി പഞ്ചായത്തിൽ യു.ഡി.എഫിലെ എല്ലാ അംഗങ്ങളും കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചവരാണ്.
പ്രസിഡന്റിനെ തീരുമാനിക്കുന്ന ചുമതല ജില്ല നേതൃത്വത്തിനാണെന്നും തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം രാവിലെ തീരുമാനം ജില്ല നേതൃത്വം അറിയിക്കുമെന്നുമാണ് പ്രാദേശിക നേതൃത്വം പറയുന്നത്. പാർട്ടി തീരുമാനം അംഗീകരിക്കാൻ തയാറാണെന്ന് എല്ലാ അംഗങ്ങളും അറിയിച്ചിട്ടുണ്ടെന്നും പ്രാദേശിക നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.