എരുമേലി: എരുമേലിയിൽ സ്പെഷാലിറ്റി ആശുപത്രി ആരംഭിക്കുന്നത് സംബന്ധിച്ച് ജില്ല മെഡിക്കൽ ഓഫീസിൽനിന്ന് പ്രൊപ്പോസലുകളൊന്നും ലഭ്യമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്. പൊതുപ്രവർത്തകനായ ബിനു നിരപ്പേൽ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ വിവരാവകാശത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജില്ല മെഡിക്കൽ ഓഫീസിൽനിന്ന് നിർദേശം ലഭ്യമാക്കുന്ന മുറക്ക് നടപടികൾ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ബജറ്റിൽ തുകയൊന്നും വകവരുത്തിയില്ലെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ബജറ്റ് പ്രൊപ്പോസൽ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചേർന്ന യോഗത്തിൽ എരുമേലിയെ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന് ആവശ്യമായ പ്രെപ്പോസലുകൾ തയാറാക്കി സമർപ്പിക്കുന്നതിന് ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിരുന്നു. എരുമേലി ഗ്രാമപഞ്ചായത്തിലെയും സമീപപഞ്ചായത്തുകളിലെയും നൂറുകണക്കിന് സാധാരണക്കാരും ശബരിമല തീർഥാടകരും ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയിൽ ആധുനികസൗകര്യങ്ങൾ ഒരുക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. പകൽ മാത്രം ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന ആശുപത്രി അധികാരികൾക്കെതിരെ ജനരോഷവും ശക്തമാണ്.
ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിനു നിരപ്പേൽ ഉന്നതാധികാരികൾക്ക് നിവേദനം നൽകിയിരുന്നു. നവകേരള സദസ്സിലും പരാതി നൽകിയിരുന്നു. നവകേരളസദസ്സിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാമൂഹികാരോഗ്യ കേന്ദ്രത്തെ സ്പെഷാലിറ്റി ആശുപത്രിയാക്കുന്നത് സംബന്ധിച്ച് സാധ്യതാപഠനം നടത്തി വിശദ റിപ്പോർട്ട് സമർപ്പിക്കാൻ സ്ഥാപനത്തിലെ മെഡിക്കൽ ഓഫീസർ ഇൻ ചാർജിന് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ജില്ല മെഡിക്കൽ ഓഫീസിൽനിന്ന് ബിനുവിനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.