കോട്ടയം: ജില്ല പഞ്ചായത്ത് എരുമേലി ഡിവിഷനിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ എ-ഐ വിഭാഗങ്ങൾ തമ്മിലെ തർക്കം തുടരുന്നതിനിടെ തങ്ങൾക്ക് സീറ്റ് നിഷേധിച്ച യു.ഡി.എഫ് ജില്ല നേതൃത്വത്തിെൻറ നടപടിയിൽ മുസ്ലിം ലീഗും കടുത്ത അമർഷത്തിൽ. മുമ്പ് ലീഗ് മത്സരിച്ച സീറ്റെന്ന നിലയിൽ യു.ഡി.എഫുമായുള്ള ചർച്ചകളിൽ തുടക്കം മുതൽ എരുമേലി സീറ്റിനായി ലീഗ് നേതൃത്വം രംഗത്തുവന്നിരുന്നു.
പലവട്ടം ലീഗ് നേതൃത്വവുമായി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ചർച്ച നടത്തി. ഒരുവേള സീറ്റ് ലീഗിന് നൽകുമെന്ന സൂചനപോലും പുറത്തുവന്നു. എന്നാൽ, അവസാനവട്ട ചർച്ചയിൽ സീറ്റ് നൽകാനാവില്ലെന്ന് കോൺഗ്രസ് നേതൃത്വം ലീഗ് നേതാക്കളെ അറിയിക്കുകയായിരുന്നു.
എന്തു കാരണത്തിെൻറ പേരിൽ സീറ്റ് ലീഗിന് നിേഷധിച്ചുവെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാനും കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. എരുമേലി സീറ്റിനായി ജില്ല ലീഗ് നേതൃത്വം സംസ്ഥാന നേതാക്കളുമായും ഇതിനിടെ കൂടിക്കാഴ്ച നടത്തി. സീറ്റിനായി ഉറച്ചുനിൽക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിെൻറ നിർദേശം.
ലീഗ് ജില്ല പ്രസിഡൻറായിരിക്കെ ഇപ്പോഴത്തെ സംസ്ഥാന ഉപാധ്യക്ഷൻ പി.എച്ച്്. അബ്ദുസ്സലാം ഈ ഡിവിഷനിൽ മികച്ച വിജയം നേടിയ ചരിത്രവും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫിലെ പ്രധാന കക്ഷിയായ തങ്ങൾക്ക് കോട്ടയത്ത് ഒരു ജില്ല പഞ്ചായത്ത് സീറ്റ് പോലും നൽകാത്ത യു.ഡി.എഫ് ജില്ല നേതാക്കളുടെ നടപടിയിൽ ലീഗ് ജില്ല പ്രസിഡൻറും സീറ്റ് ലഭിച്ചിരുന്നെങ്കിൽ സ്ഥാനാർഥിയാകുമായിരുന്ന അസീസ് ബഡായിയും കടുത്ത അതൃപ്തിയിലാണ്. ലീഗിന് സീറ്റ് നിഷേധിച്ചശേഷം കോൺഗ്രസ് എ വിഭാഗത്തിലെ അഡ്വ. പി.എ. ഷമീറിന് സീറ്റ് നൽകാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. എന്നാൽ, കാര്യങ്ങൾ വ്യക്തമാക്കാതെ കോൺഗ്രസ് നേതൃത്വം ഷമീറിനെയും തഴഞ്ഞു. ഇപ്പോൾ കോൺഗ്രസിൽനിന്ന് മൂന്നുപേർ മത്സര രംഗത്തുണ്ട്.
ലീഗിനെയും പിന്നാലെ ഷമീറിനെയും തഴഞ്ഞ കോൺഗ്രസ് നേതൃത്വത്തിെൻറ നടപടിയിൽ ജില്ലയിലെ വിവിധ മുസ്ലിം സംഘടനകളും പ്രതിഷേധത്തിലാണ്. ഇക്കാര്യം ഉമ്മൻചാണ്ടി അടക്കമുള്ളവരെ അറിയിച്ചതായും നേതാക്കൾ പറഞ്ഞു. മുസ്ലിംലീഗിെന തഴഞ്ഞ കോൺഗ്രസ് നേതൃത്വത്തിെൻറ നടപടിയിൽ കടുത്ത നടപടികളുമായി മുന്നോട്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. എരുമേലി സീറ്റിന് പകരം കൂടുതൽ തദ്ദേശ സീറ്റുകൾ ജില്ലയിൽ ലീഗിന് നൽകുമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പുനൽകിയെങ്കിലും അതും ഉണ്ടായില്ലെന്നും നേതാക്കൾ പറയുന്നു.
ജോസ് കെ.മാണി വിഭാഗത്തെ യു.ഡി.എഫിൽനിന്ന് പുറത്താക്കിയശേഷം ജില്ലയിൽ ഒഴിവുവന്ന സീറ്റുകളിൽ ഒമ്പതെണ്ണം ജോസഫ് പക്ഷത്തിന് നൽകിയതിലുള്ള അതൃപ്തിയും നേതാക്കൾ മറച്ചുവെക്കുന്നില്ല.
ജയസാധ്യത ഇല്ലാത്തിടത്തുപോലും അവർക്ക് സീറ്റ് നൽകി. എന്നാൽ, ലീഗിന് സ്വാധീനമുള്ള മേഖലകളിൽ പോലും തങ്ങളെ അവഗണിച്ചുവെന്നും നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.