എരുമേലി: കാനനപാത തുറന്നുനൽകാത്തതിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകൾ നടത്തിയ പ്രതിഷേധയാത്ര പൊലീസ് തടഞ്ഞു. ആചാരം പാലിച്ചുള്ള തീർഥാടനത്തിനും കാനന പാതയിലൂടെയുള്ള യാത്രക്കും സർക്കാർ അനുമതി നൽകണമെന്നും സർക്കാർ വകുപ്പുകളും ജില്ല ഭരണകൂടവും അതിന് സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധയാത്ര സംഘടിപ്പിച്ചത്.
ശബരിമല അയ്യപ്പസേവ സമാജം, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയാത്ര നടൻ ദേവൻ ഉദ്ഘാടനം ചെയ്തു. സ്വാമി സ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. വിവിധ ഹൈന്ദവ സംഘടന നേതാക്കളായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, എസ്.ജെ.ആർ. കുമാർ, സംവിധായകൻ വിജി തമ്പി, വി.കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. തുടർന്ന് എരുമേലി ശ്രീധർമശാസ്ത ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച പ്രതിഷേധയാത്ര കൊച്ചമ്പലത്തിൽ പ്രദക്ഷിണം നടത്തിയശേഷം പരമ്പരാഗത കാനനപാതയിലൂടെ സഞ്ചരിച്ചു.
എരുമേലിയിൽനിന്ന് അഞ്ച് കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്ത സംഘത്തെ ഇരുമ്പൂന്നിക്കരയിൽ പൊലീസ് തടഞ്ഞു. ഇത് പൊലീസുമായി നേരിയ തോതിൽ ഉന്തിനും തള്ളിനും കാരണമായി.
തുടർന്നും പ്രതിഷേധവുമായി സംഘം നിലയുറപ്പിച്ചതോടെ സബ് കലക്ടർ രാജീവ് കുമാർ ചൗധരി, ആലപ്പുഴ എസ്.പി ജയദേവൻ, കാഞ്ഞിരപ്പള്ളി തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സജിമോൻ, എരുമേലി എസ്.എച്ച്.ഒ എം. മനോജ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി സി. ബാബു, അയ്യപ്പസേവ സമാജം അഖിലേന്ത്യ വൈസ് ചെയർമാൻ എസ്.ജെ.ആർ. കുമാർ എന്നിവർ നടത്തിയ അനുരഞ്ജന ചർച്ചക്കൊടുവിൽ സംഘം പിരിഞ്ഞുപോയി.
കാനനപാത തുറന്നുനൽകണമെന്ന ആവശ്യം മേലധികാരികളെ അറിയിച്ച് അനുകൂലനടപടിക്ക് ശ്രമിക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.