എരുമേലി: മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചാത്തൻതറ ഇടത്തിക്കാവ് സ്വദേശി താഴത്തുവീട്ടിൽ മനോജിനെയാണ് (48) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടപ്പള്ളി സ്വദേശി വിളയിൽ ഗോപിയെയാണ് (72) വ്യാഴാഴ്ച മുക്കൂട്ടുതറയിലെ പഞ്ചായത്ത് വക കെട്ടിടത്തിലെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലക്ക് മുറിവേറ്റ് രക്തം ഒലിച്ച നിലയിലായിരുന്നു മൃതദേഹം.
ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ബുധനാഴ്ച രാത്രി മനോജും ഗോപിയും വാക്കേറ്റമുണ്ടായതായി പൊലീസ് പറഞ്ഞു. വീട്ടുകാരുമായി അകന്നുകഴിഞ്ഞിരുന്ന ഗോപി കടത്തിണ്ണയിലാണ് അന്തിയുറങ്ങിയിരുന്നത്. മനോജും കടത്തിണ്ണകളിൽ കഴിഞ്ഞുകൂടുന്ന ആളാണ്. മനോജിനെ സംഭവദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂകനും, ബധിരനുമായ മനോജിനെ തിരുവല്ലയിലെ ഒരു സ്ഥാപനത്തിൽ എത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഇയാളെ മുക്കൂട്ടുതറയിലെത്തിച്ച് തെളിവെടുപ്പും നടത്തി.
സി.ഐ ഇ.ഡി. ബിജു, എസ്.ഐ ജോസി എം. ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.