എരുമേലി (കോട്ടയം): കണമലയിൽ തീർഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് ഒഴിവാക്കാൻ പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും നേതൃത്വത്തിൽ പ്രത്യേക സുരക്ഷാസംവിധാനങ്ങളൊരുക്കാൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശിച്ചു. ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ഇടത്താവളങ്ങളിലെ മുന്നൊരുക്കം വിലയിരുത്താൻ എരുമേലിയിലും നിലക്കലിലും നടന്ന യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളിൽനിന്നടക്കം എത്തുന്ന വാഹനങ്ങൾക്ക് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാനിർദേശങ്ങൾ നൽകാനും രാത്രി ചുക്കുകാപ്പിയടക്കമുള്ളവ ഡ്രൈവർമാർക്ക് നൽകി ക്ഷീണവും ഉറക്കവും അകറ്റി ജാഗ്രതയോടെ പമ്പയിലേക്ക് പോകാനുമുള്ള സുരക്ഷാസംവിധാനം എരുമേലി, കണമല ഭാഗത്ത് ഒരുക്കാനാണ് നിർദേശം നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് നടത്തിയ യോഗത്തിൽ ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവ സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
എരുമേലിയിൽ കാർഡിയാക് ആംബുലൻസ് സേവനം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കും. ആശുപത്രികളിൽ ആന്റിവെനം, ആന്റി റാബീസ് എന്നിവ ഉണ്ടെന്നും ഉറപ്പാക്കണം. ഐ.സി.യു സംവിധാനത്തോടെയുള്ള ആംബുലൻസ് എരുമേലിയിൽ എല്ലാദിവസവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ആന്റോ ആന്റണി എം.പി, ദേവസ്വം ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, അഡ്വ. എസ്.എസ്. ജീവൻ എന്നിവരും പങ്കെടുത്തു.
എരുമേലി: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ വകുപ്പുകൾ തമ്മിൽ തർക്കം. അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിയും. ശബരിമല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ എരുമേലിയിൽ ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് വകുപ്പുകൾ തമ്മിലുള്ള തർക്കമുണ്ടായത്. എരുമേലി ദേവസ്വം ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് എത്തിയ ഉദ്യോഗസ്ഥർ തമ്മിലാണ് ചർച്ചക്കിടെ തർക്കമുണ്ടായത്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി, മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഓരോ വകുപ്പിനും ധാരണയുണ്ടാകണമെന്നും അത് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നിർദേശിച്ചു. വകുപ്പുകൾ തമ്മിലുള്ള പഴിചാരൽ ഒഴിവാക്കി ഏകോപനത്തോടെയുള്ള പ്രവർത്തനമാണ് വേണ്ടത്. മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള കുറവുകൾ പരിഹരിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. അനന്ത ഗോപൻ, ആന്റോ ആന്റണി എം.പി, എന്നിവർക്ക് പുറമെ എ.ഡി.എം ജി. നിർമൽകുമാർ, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, ദേവസ്വം ബോർഡ് അംഗങ്ങളായ ജീവൻ, സുന്ദരേശൻ, ദേവസ്വംബോർഡ് സെക്രട്ടറി ബൈജു, കമീഷണർ ബി.എസ്. പ്രകാശ്, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമീഷണർ പി. ദിലീപ് കുമാർ, മുണ്ടക്കയം അസി. കമീഷണർ ഗോപകുമാർ, കാഞ്ഞിരപ്പള്ളി, തഹസിൽദാർ ബെന്നി മാത്യു, ഡെപ്യൂട്ടി തഹസിൽദാർ സനൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജമാഅത്ത് പ്രസിഡൻറ് പി.എ. ഇർഷാദ്, സെക്രട്ടറി സി.എ.എം. കരീം, വിവിധ സർക്കാർ വകുപ്പ് അധികൃതരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.