എരുമേലി: മണ്ഡലകാലം അവസാനിച്ചതോടെ എരുമേലിയിലും തീർഥാടകരുടെ തിരക്കൊഴിഞ്ഞു. പാർക്കിങ് മൈതാനങ്ങളെല്ലാം കാലിയായതോടെ ബുധനാഴ്ച വൈകീട്ടോടെ താൽക്കാലിക കടകളെല്ലാം അടച്ചുപൂട്ടി. എരുമേലി ടൗണിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിനും അയവുണ്ടായി.
പരാതികൾക്കും പ്രതിഷേധങ്ങൾക്കും സാക്ഷ്യം വഹിച്ചതായിരുന്നു മണ്ഡലകാലം. തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ വാഹനങ്ങൾ പിടിച്ചിട്ടത് പ്രതിഷേധത്തിന് കാരണമായി. നിരവധിതവണ തീർഥാടകർ എരുമേലിയുടെ വിവിധ ഭാഗങ്ങളിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തിരക്ക് കുറയുന്നതിന് അനുസരിച്ചാണ് പൊലീസ് എരുമേലിയിൽനിന്നും വാഹനങ്ങൾ പോകാൻ അനുവദിച്ചത്.
ഗതാഗതം തടസ്സപ്പെട്ടതുമൂലം ഏറ്റവുമധികം ദുരിതമനുഭവിച്ചത് വിദ്യാർഥികളും പ്രദേശവാസികളുമായിരുന്നു. ബസുകൾ എരുമേലിയിലെത്താതെ സർവിസ് അവസാനിപ്പിച്ചതോടെ പരീക്ഷക്കാലത്ത് വിദ്യാർഥികൾക്ക് സമയത്ത് സ്കൂളിലെത്താൻ പോലും കഴിയാതെയായി.
മണ്ഡലകാലത്ത് വാഹനാപകടങ്ങൾക്കും കുറവുണ്ടായിരുന്നില്ല. എരുമേലി-പമ്പ റോഡിൽ ഏറ്റവുമധികം ശ്രദ്ധയും മുൻകരുതലും നൽകി വന്നിരുന്ന കണമല ഇറക്കത്തിലായിരുന്നു ഇത്തവണ കൂടുതൽ അപകടങ്ങൾ ഉണ്ടായത്. ഇറക്കത്തിലെ കൊടുംവളവിൽ നിയന്ത്രണംവിട്ട ലോറി കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് നിരവധി തീർഥാടകർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരു തീർഥാടക വാഹനം തിട്ടയിൽ ഇടിച്ച് റോഡിൽ മറിഞ്ഞ് തീർഥാടകർക്ക് പരിക്കേറ്റു.
എരുമേലി - മുണ്ടക്കയം റോഡിലെ കണ്ണിമല മഠംപടിയിലെ വളവിൽ തീർഥാടക വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചിരുന്നു. എരുമേലി പൊലീസ് സ്റ്റേഷന് സമീപത്തെ പാർക്കിങ് മൈതാനത്തുനിന്നും നിയന്ത്രണംവിട്ട തീർഥാടകബസ് പ്രധാന റോഡും കടന്ന് എതിർവശത്തെ മറ്റൊരു പാർക്കിങ് മൈതാനത്തിലൂടെ ഓടി വലിയ തോട്ടിൽ വീണു.
തീർഥാടകരെ പിഴിയുന്നതായും നിരവധി പരാതികൾ ഉയർന്നിരുന്നു. അമിതചാർജ് ഈടാക്കിയ പാർക്കിങ് മൈതാനം, ശൗചാലയം നടത്തിപ്പുകാരിൽ നിന്നും പിഴയീടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഭക്ഷണ, പാനീയ ശാലകൾക്കെതിരെയും നടപടി ഉണ്ടായി.
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം മകരവിളക്ക് മഹോത്സവത്തിനായി തീർഥാടകർ മണ്ഡലകാലത്ത് ഉണ്ടായ അനുഭവങ്ങൾ മകരവിളക്ക് മഹോത്സവ നാളിൽ ഉണ്ടാവാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.