എരുമേലി: മണ്ഡലകാല മഹോത്സവത്തിന്റെ ഭാഗമായി പ്രധാന ഇടത്താവളമായ എരുമേലിയിലേക്ക് തീർഥാടകരുടെ പ്രവാഹം. ബുധനാഴ്ച വൈകിട്ടോടെ പേട്ടതുള്ളൽ പാതയിൽ തീർഥാടകർ പേട്ടതുള്ളി തുടങ്ങി. തീർഥാടക വാഹനങ്ങൾ എരുമേലിയിൽ എത്തിത്തുടങ്ങിയതോടെ താത്ക്കാലിക കടകളും ഭക്ഷണശാലകളും പ്രവർത്തനം ആരംഭിച്ചു. കെ.എസ്.ആർ.ടി.സി എരുമേലി ഡിപ്പോയിൽനിന്നും പമ്പയിലേക്ക് വ്യാഴാഴ്ച മുതൽ സ്പെഷൽ സർവ്വീസുകൾ ആരംഭിക്കും. പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ കൺട്രോൾ റൂം ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. മറ്റ് വകുപ്പുകൾ തീർഥാടകർ എത്തിത്തുടങ്ങുന്നതോടെ സജീവമാകും.
എന്നാൽ തീർഥാടകർ എത്തിത്തുടങ്ങുമ്പോഴും മുന്നൊരുക്കങ്ങൾ പ്രഹസനമായി മാറുന്നതായാണ് നാട്ടുകാരുടെ ആരോപണം. തീർഥാടകപാതകൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പാതയോരത്തെ കാടുകൾ തെളിക്കുന്ന പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിലും ഇത് പേരിന് മാത്രമാണെന്നാണ് ആക്ഷേപം. റോഡിലെയും ഓരങ്ങളിലെയും കുണ്ടുംകുഴിയും ഇനിയും അപകടക്കെണിയൊരുക്കി കാത്തിരിക്കുന്നു. തീർഥാടകർ എത്തിത്തുടങ്ങുന്നതിന് ഒരുദിവസം മുമ്പ് മാത്രമാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ അടച്ചുകെട്ടി കുഴി അടക്കൽ ആരംഭിച്ചത്.
എന്നാൽ ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ ടാറിങ് വെള്ളത്തിലായെന്നാണ് യാത്രക്കാർ പറയുന്നത്. തീർഥാടകർ എത്തിത്തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പുമാത്രം ആരംഭിക്കുന്ന മുന്നൊരുക്കങ്ങൾ അഴിമതിയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.