എരുമേലി: മകരവിളക്ക് മഹോത്സവം അവസാനിച്ച് ഞായറാഴ്ച ശബരിമല നട അടക്കുന്നതോടെ പ്രധാന ഇടത്താവളമായ എരുമേലിയിലും തീർഥാടകരുടെ തിരക്ക് ഒഴിഞ്ഞു. പേട്ടതുള്ളൽപ്പാത, പാർക്കിങ്ങ് മൈതാനങ്ങളും വിജനമായി. തീർഥാടകരുടെ വരവ് കുറഞ്ഞതോടെ താത്ക്കാലിക കടകളും, ഷെഡുകളും നടത്തിപ്പുകാർ പൊളിച്ചുമാറ്റിത്തുടങ്ങി. വിവിധ സർക്കാർ വകുപ്പുകൾ രണ്ടര മാസക്കാലം നടത്തിവന്നിരുന്ന പ്രത്യേക സേവനവും ശനിയാഴ്ചയോടെ അവസാനിക്കും.
മോട്ടോർ വാഹനവകുപ്പ്, പൊലീസ്, അഗ്നിരക്ഷാസേന, റവന്യൂ വകുപ്പുകളുടെ കൺട്രോൾ റൂമുകളുടെ പ്രവർത്തനവും പട്രോളിങ്ങും ശനിയാഴ്ചയോടെ അവസാനിക്കും. തീർഥാടനകാലത്ത് എരുമേലി ടൗണിൽ ഏർപ്പെടുത്തിയിരുന്ന വൺവേ സംവിധാനം ശനിയാഴ്ച രാത്രി മുതൽ ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു.
നിരവധി പ്രതിഷേധങ്ങളും ആക്ഷേപങ്ങളും അപകടങ്ങളും നിറഞ്ഞതായിരുന്നു മണ്ഡലകാലം. എന്നാൽ മകരവിളക്ക് കാലം പരാതിരഹിതമായി കടന്നുപോയി. പമ്പയിലെ തിരക്ക് വർധിച്ച സാഹചര്യത്തിൽ എരുമേലിയിൽ വാഹനങ്ങൾ പിടിച്ചിട്ടതാണ് മണ്ഡലകാലത്ത് റോഡ് ഉപരോധം അടക്കം പ്രതിഷേധത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.