എരുമേലി: മണ്ഡലകാലം ആരംഭിക്കാൻ ഏതാനും ദിവസം മാത്രം ശേഷിക്കുമ്പോഴും അഗ്നിരക്ഷാസേനക്ക് താലക്കാലിക ഷെഡ് നിർമിക്കാൻ സ്ഥലം ലഭ്യമാകാത്തത് ആശങ്ക ഉയർത്തുന്നു. വർഷങ്ങളായി ഷെഡ് നിർമിക്കുന്ന ദേവസ്വം ബോർഡ് സ്ഥലത്ത് കൂട്ടിയിട്ട ലോഡ് കണക്കിന് മണ്ണാണ് താൽക്കാലിക ഷെഡ് നിർമാണത്തിന് തടസ്സമായത്. അഗ്നിരക്ഷാസേനക്ക് എരുമേലിയിൽ സ്ഥിരം സംവിധാനമില്ലാത്തതിനാൽ തീർഥാടനകാലത്ത് ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് താൽക്കാലിക ഷെഡ് നിർമിച്ചാണ് സേവനം ലഭ്യമാക്കുന്നത്.
എന്നാൽ, വലിയമ്പലത്തിന് സമീപത്ത് കിഫ്ബിയുടെ ധനസഹായത്തോടെ നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടായ ലോഡ് കണക്കിന് മണ്ണാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഷെഡ് നിർമിക്കാൻ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാമെന്ന് കിഫ്ബി അധികാരികൾ പറയുന്നുണ്ടെങ്കിലും എവിടേക്ക് മാറ്റുമെന്നതാണ് പ്രതിസന്ധിയിലാക്കുന്നത്. സ്ഥലത്തിനായി അഗ്നിരക്ഷാസേന അധികൃതർ ബന്ധപ്പെട്ടവരെ സമീപിക്കുന്നുമുണ്ട്. ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന മുന്നൊരുക്ക യോഗത്തിലും പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. ഉടൻ സ്ഥലം കണ്ടെത്തി നൽകുമെന്നാണ് ബസപ്പെട്ടവർ പറയുന്നത്.
ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്നതും നൂറുകണക്കിന് താൽക്കാലിക കടകൾ പ്രവർത്തിക്കുന്നതുമായ എരുമേലിയിലും പമ്പാപാതകളിലും ഇടത്താവളങ്ങളിലും അഗ്നിരക്ഷാസേനയുടെ സേവനം പ്രാധാന്യമുള്ളതാണ്. കഴിഞ്ഞവർഷം തീർഥാടനകാലത്തിന്റെ ആരംഭത്തിൽതന്നെ എരുമേലിയിലെ ഷെഡിന് തീപിടിച്ചെങ്കിലും അഗ്നിരക്ഷാപ്രവർത്തകരുടെ സമയോചിത ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. അടിയന്തരഘട്ടങ്ങളിൽ എരുമേലിയിൽനിന്നും കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളി, റാന്നി എന്നിവിടങ്ങളിൽനിന്നാണ് സാധാരണ അഗ്നിരക്ഷാസേനകൾ എത്തുക. എന്നാൽ, തീർഥാടന കാലത്ത് തിരക്കിനിടയിലൂടെ സംഭവസ്ഥലത്ത് എത്തുകയെന്നത് പ്രയാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.