എരുമേലി: കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്ററിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ശുചിമുറിയിൽനിന്ന് മാലിന്യം പൊട്ടി ഒഴുകുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് അടച്ചുപൂട്ടി. സ്ഥാപനത്തിന്റെ പുറകലെ മാലിന്യ ടാങ്ക് പുറത്തേക്ക് പൊട്ടിഒഴുകുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയത്.
എന്നാൽ, ശൗചാലയം അടച്ചുപൂട്ടിയതോടെ യാത്രക്കാർ ദുരിതത്തിലായി. മുമ്പ് അടഞ്ഞുകിടന്ന ശൗചാലയം നിരവധി പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് പഞ്ചായത്ത് കരാർനൽകി തുറന്ന് പ്രവർത്തിച്ചത്.
എന്നാൽ, കെ.എസ്.ആർ.ടി.സി ഓഫിസിനുള്ളിലെ ജീവനക്കാർ ഉപയോഗിക്കുന്ന ശൗചാലയത്തിലെ മാലിന്യക്കുഴലാണ് തകരാറിലായതെന്നും ഇതിന്റെ പേരിൽ മുഴുവൻ ശൗചാലയവും അടപ്പിച്ചെന്നാണ് നടത്തിപ്പുകാർ പറയുന്നത്. തകരാർ പരിഹരിച്ച് ശൗചാലയം ഉടൻ തുറന്നുപ്രവർത്തിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അടിയന്തരമായി ന്യൂനതകൾ പരിഹരിച്ച് അധികാരികളെ ബോധ്യപ്പെടുത്തിയശേഷം മാത്രമേ പ്രവർത്തനം തുടങ്ങാവൂ എന്ന് കരാറുകാർക്ക് ആരോഗ്യവകുപ്പും കർശന നിർദേശം നൽകി. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഷാജിമോൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. സന്തോഷ്, എൽ. ജോസ്, കെ. ജിതിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.