കോട്ടയം: കെ.പി.പി.എല്ലിലെ തീപിടിത്തത്തിന്റെ വ്യാപ്തി കുറക്കാനായത് അഗ്നിരക്ഷാസേനയുടെയും തൊഴിലാളികളുടെയും സമയോചിത ഇടപെടൽമൂലം. സമീപത്തെ പ്ലാന്റുകളിലേക്കും ഓയിൽ, മണ്ണെണ്ണ ടാങ്കിലേക്കും തീ പടർന്ന് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വൻ ദുരന്തത്തിന് നാട് സാക്ഷിയായേനെ. മണിക്കൂറുകളോളം പരിശ്രമിച്ചാണ് സേനാംഗങ്ങളും തൊഴിലാളികളും ചേർന്ന് തീയണച്ചത്.
തീപിടിത്തം ഉണ്ടായ ഉടൻ ആദ്യമെത്തിയത് ഒമ്പതു കിലോമീറ്റർ മാത്രം അകലെയുള്ള പിറവം അഗ്നിരക്ഷാസേനയാണ്. രണ്ടു യൂനിറ്റാണ് ഇവിടെനിന്ന് എത്തിയത്. പിറകെ കടുത്തുരുത്തിയിൽനിന്ന് രണ്ടു യൂനിറ്റ്, വൈക്കത്തുനിന്ന് രണ്ടു യൂനിറ്റ്, കൂത്താട്ടുകുളത്തുനിന്ന് ഒരു യൂനിറ്റ് എന്നിങ്ങനെ ഏഴു യൂനിറ്റാണ് തീയണക്കാൻ പരിശ്രമിച്ചത്. ഫയർ ഓഫിസർ എ.കെ. പ്രഫുലിന്റെ നേതൃത്വത്തിൽ പിറവത്തുനിന്നുള്ള സംഘം എത്തുമ്പോൾ പ്ലാന്റിൽ മെഷീന്റെ താഴെയും മുകളിലും ആളിക്കത്തുന്ന തീയാണ്. ഇരു യൂനിറ്റുകളും ഇരുവശത്തുനിന്നാണ് തീയണക്കാൻ ശ്രമിച്ചത്.
ചൂട് കാരണം സമീപത്തു നൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. തീ അണക്കുന്നതിനൊപ്പം സമീപത്തെ ഓയിൽ ടാങ്കിലേക്കും മണ്ണെണ്ണ ടാങ്കിലേക്കും പടരാതിരിക്കാനും ശ്രദ്ധിക്കുക എന്നത് ശ്രമകരമായിരുന്നു. വെന്റിലേഷനിലേക്കും മേൽക്കൂരയിലേക്കും തീ പടർന്നിരുന്നു. ഏണി ഉപയോഗിച്ച് കയറിയാണ് അവിടത്തെ തീയണച്ചത്. കടുത്തുരുത്തി സംഘം എത്തുമ്പോൾ വലിയ തീ ഉണ്ടായിരുന്നില്ല. എന്നാൽ, കറുത്ത പുക വ്യാപിച്ചിരുന്നു. പ്ലാന്റിലേക്കുള്ള ഒരു വഴിയിലാണ് പിറവം യൂനിറ്റ് നിന്നിരുന്നത്. അടുത്ത വഴിയിൽ കടുത്തുരുത്തി യൂനിറ്റ് നിന്നു.
മെഷീനിലേക്ക് തുടർച്ചയായി വെള്ളം ഒഴിച്ചു തണുപ്പിക്കുകയായിരുന്നു. കമ്പനിയിലെ ഫയർ ഹൈഡ്രന്റിലെ വെള്ളവും തീയണക്കാൻ ഉപയോഗിച്ചു. മണ്ണെണ്ണ ടാങ്കും ഓയിൽ ടാങ്കും തണുപ്പിച്ചു. ഇതിനിടെ പിറവത്തെ സീനിയർ ഫയർ ഓഫിസറായ സുജീന്ദ്രന് പുക ശ്വസിച്ച് ബോധക്ഷയമുണ്ടായി. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. തൊഴിലാളികൾ പ്ലാന്റിനകത്ത് കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി പുക ഇല്ലാതാക്കിയ ശേഷമാണ് അഗ്നരിക്ഷാസേന അംഗങ്ങൾ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.