കോട്ടയം: പെൻഷൻ വിതരണത്തിൽ തിരിമറി നടത്തി മൂന്നുകോടിയിലധികം രൂപ ജീവനക്കാരൻ തട്ടിയെടുത്ത സംഭവം പുറത്തായതോടെ, പെൻഷൻ വിതരണത്തിൽ സമഗ്രപരിശോധനക്ക് കോട്ടയം നഗരസഭ. നഗരസഭയിൽനിന്ന് പെൻഷൻ വാങ്ങുന്നവരെല്ലാം ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന തുടങ്ങി.
ഇതിനൊപ്പം പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് ഈമാസം 25ന് മുമ്പ് നേരിട്ട് എത്തിക്കണമെന്ന് കാട്ടി സെക്രട്ടറി ഉത്തരവിറക്കി. സെപ്റ്റംബറിലെ പെൻഷൻ വിതരണം കൃത്യമാക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം. സർട്ടിഫിക്കറ്റ് നൽകാത്തവർക്ക് സെപ്റ്റംബർ മുതൽ പെൻഷൻ അനുവദിക്കില്ലെന്നും നഗരസഭ അറിയിച്ചു.
നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ തിരിമറി നടത്തി മൂന്നുകോടിയിലധികം രൂപയാണ് ക്ലർക്കായിരുന്ന കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി. വർഗീസ് തട്ടിയെടുത്തത്. നിലവിൽ വൈക്കം നഗരസഭയിൽ ജോലി ചെയ്യുന്ന ഇയാളെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
പെന്ഷന് നല്കി വന്നിരുന്ന പി. ശ്യാമള എന്ന കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരി മരിച്ചതിനെത്തുടര്‍ന്ന് അതേ പേരുകാരിയായ അമ്മയുടെ അക്കൗണ്ടിലേക്ക് അഖിൽ പെന്ഷന് തുക വഴിതിരിച്ചുവിടുകയായിരുന്നു. യഥാര്‍ഥ ആളുടെ മരണ വിവരം നഗരസഭ രജിസ്റ്ററില്‍ ചേര്‍ക്കാതെയായിരുന്നു തട്ടിപ്പ്. തുടക്കത്തില്‍ കാല്‍ലക്ഷത്തോളം വരുന്ന പെന്ഷന് തുക മാത്രമാണ് മാറ്റിയിരുന്നതെങ്കില്‍ പിന്നീട് വന്‍ തുകയിലേക്ക് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.