ജാ​തി പ​റ​യൂ, ചി​കി​ത്സ ത​രാം!, മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികളുടെ ജാതി ചോദിക്കുന്നതായി പരാതി

ഗാന്ധിനഗർ: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ രോഗികൾക്ക് പ്രവേശനം ലഭിക്കാൻ അഡ്മിഷൻ രജിസ്റ്റർ രേഖപ്പെടുത്തുമ്പോൾ രോഗിയുടെ ബന്ധുക്കളുടെ വസ്ത്രധാരണവും ശരീരത്തിന്‍റെ നിറവും നോക്കിയശേഷം ജാതി ചോദിക്കുന്നതായി പരാതി. രോഗികളായ കുട്ടികളെ ബന്ധപ്പെട്ട വാർഡുകളിലേക്ക് ഡോക്ടർമാർ അഡ്മിറ്റ് ചെയ്യുമ്പോൾ, കൗണ്ടറിൽ ചെന്ന് അഡ്മിഷൻ ബുക്ക് വാങ്ങണം. ഈ സമയത്ത് രോഗിയുടെ പേര്, രക്ഷിതാവിന്‍റെ പേര്, വിലാസം എന്നിവ നൽകണം. അങ്ങനെ നൽകുമ്പോഴാണ് രോഗിയുടെ ജാതിയും മതവും അന്വേഷിക്കുന്നത്. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ ബന്ധുക്കൾ കാഴ്ചയിൽ നല്ല വസ്ത്രം ധരിച്ചവരും ശരീരത്തിന്‍റെ നിറവും പട്ടികവിഭാഗത്തിൽനിന്ന് വ്യത്യസ്തമെങ്കിൽ ഇവരോട് ജാതിയും മതവും ചോദിക്കുന്നുമില്ല.

രോഗിയുടെ അഡ്മിഷൻ ബുക്കിലും രജിസ്റ്ററിലും ജാതി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം പനിയെത്തുടർന്ന് അഞ്ചു വയസ്സുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ എത്തി. അഡ്മിഷൻ കൗണ്ടറിൽ എത്തിയപ്പോൾ കൗണ്ടറിലിരുന്ന ജീവനക്കാരൻ കുട്ടി പട്ടികജാതിയോ/പട്ടികവർഗത്തിൽപെട്ടതാണോയെന്നും മതമേതെന്നും ചോദിച്ചു. കുട്ടിക്ക് ജാതിയും മതവും ഇല്ലെന്ന് പിതാവ് പറഞ്ഞത് തർക്കത്തിനും ബഹളത്തിനും കാരണമായി. ചികിത്സ ആവശ്യമായതിനാൽ പിന്നീട് ഇത് പറയേണ്ടിവന്നു. പട്ടികവർഗ വിഭാഗത്തിൽപെട്ട രോഗികൾക്ക് മുഴുവൻ ചികിത്സയും പൂർണമായി സൗജന്യമാണ്. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഈ വിഭാഗത്തിന്റെ പ്രമോട്ടർമാരെ വികസന വകുപ്പിൽനിന്ന് സർക്കാർ നിയമിച്ചിട്ടുണ്ട്. അതിനായി ആശുപത്രികളിൽ പ്രത്യേക കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ഉടൻ രോഗിയുടെ ബന്ധു ഈ കൗണ്ടറിലെത്തി പേര് രജിസ്റ്റർ ചെയ്യുകയും ചികിത്സ സൗജന്യമാക്കുകയും ചെയ്യുന്നതാണ് രീതി.

അഡ്മിഷൻ കൗണ്ടറിലെത്തുന്ന നിർധനരെന്ന് തോന്നുന്ന മുഴുവൻ രോഗികളുടെ ബന്ധുക്കളുടെയും ജാതിയും മതവും ചോദിക്കുന്ന രീതി മറ്റുള്ളവരെ പ്രകോപ്പിക്കുന്നതാണ്. മറ്റൊരു സർക്കാർ ആശുപത്രികളിലും ഇല്ലാത്ത രീതിയാണ് കുട്ടികളുടെ ആശുപത്രിയിൽ തുടരുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നുമാണ് ആവശ്യം. പട്ടികവർഗ വിഭാഗത്തിൽപെട്ട രോഗികൾക്ക് സൗജന്യ ചികിത്സയുള്ളതിനാൽ ഇവരെ തിരിച്ചറിയാൻ വേണ്ടിയാണ് അഡ്മിഷൻ സമയത്ത് ജാതിയും മതവും ചോദിക്കുന്നതെന്നും ആക്ഷേപമുണ്ടായ സാഹചര്യത്തിൽ ഈ ചോദ്യം ഒഴിവാക്കാൻ നിർദേശം നൽകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Complaint that the medical college is asking the caste of patients coming for treatment in the children's hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.