ഗാന്ധിനഗർ(കോട്ടയം): മരിച്ചെന്ന് കരുതിയയാളെ ജീവനോടെ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്കായി മോർച്ചറിയിലേക്ക് മാറ്റിയശേഷമാണ് 'മരിച്ചയാളെ' വൈകീട്ട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രി പഴയ ഒ.പി ടിക്കറ്റ് കൗണ്ടറിനു സമീപം വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് എത്തിയവർ മൃതദേഹം വില്ലൂന്നി കാഞ്ഞിരക്കോണത്ത് ബേബിയുടേതാണെന്ന് (67) സംശയം ഉന്നയിച്ചു. തുടർന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഏഴാംവാർഡ് മെംബറുമായ ലൂക്കോസ് ഫിലിപ്പിനെ വിവരം അറിയിച്ചു. അദ്ദേഹംവഴി ബേബിയുടെ ബന്ധുക്കളെയും. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തി മരിച്ചത് ബേബി തന്നെയാണെന്ന് സ്ഥിരീകരിച്ചു. അവിവാഹിതനായ ബേബി വീട്ടിൽനിന്നിറങ്ങി മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അലഞ്ഞുതിരിയുകയായിരുന്നു. രാത്രിയിൽ പഴയ ഒ.പി ടിക്കറ്റ് കൗണ്ടറിന് സമീപമാണ് ഉറങ്ങിയിരുന്നത്. മരിച്ചയാളുമായുണ്ടായിരുന്ന സാമ്യവും ബേബിയാണ് മരിച്ചതെന്നുറപ്പിച്ചു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച വില്ലൂന്നിയിലെ പള്ളി സെമിത്തേരിയിൽ സംസ്കാരവും നിശ്ചയിച്ചു. എന്നാൽ, വൈകീട്ട് ഇതൊന്നുമറിയാതെ ആശുപത്രി പരിസരത്ത് ചുറ്റിക്കറങ്ങിയ ബേബിയെ കണ്ട ചിലർ ഗാന്ധിനഗർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ പൊലീസും ബന്ധുക്കളും എത്തി ബേബി തന്നെയാണ്ആളെന്നുറപ്പിച്ചു. ആശുപത്രിയിലെ മൃതദേഹം അജ്ഞാതന്‍റെയാക്കി രേഖകളിൽ മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.