ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടർക്കെതിരെ വധഭീഷണി മുഴക്കിയ പ്രതിയെ തെളിവെടുപ്പിന് അത്യാഹിത വിഭാഗത്തിലെത്തിച്ചു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് ആശുപത്രിയിലെത്തിച്ചത്. വ്യാഴാഴ്ച കണ്ണൂരിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.30നാണ് ഏറ്റുമാനൂർ പൊലീസ് ഇയാളെ മെഡിക്കൽ കോളജിൽ എത്തിച്ചത്. തട്ടുകടയിൽ ഉണ്ടായ അടിപിടിക്കേസിൽ തലക്ക് മുറിവുമായി എത്തിയ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. തുടർന്ന് കൈകാലുകൾ കട്ടിലിൽ ബന്ധിച്ചാണ് ആശുപത്രിയിൽ കിടത്തി ചികിത്സ നൽകിയത്. പുലർച്ച രണ്ടരയോടെ നിരീക്ഷണ വാർഡിലെത്തിയ ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം ഡോക്ടർ പൊലീസ് എയ്ഡ് പോസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ ഇയാൾ ആശുപത്രിയിൽനിന്ന് ചാടിപ്പോയി. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പി.ജി ഡോക്ടർമാർ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയതിനെ തുടർന്ന് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് പിടിയിലായത്. സ്ഥിരമായി ഒരിടത്ത് താമസിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് പ്രതി. ഫോൺ ഉപയോഗിക്കുന്നയാളുമല്ല. എങ്കിലും സംസ്ഥാനമൊട്ടാകെ പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് വരുകയായിരുന്നു. തുടർന്ന് കണ്ണൂരിൽനിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.