ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ സ്കാനിങ് റിപ്പോർട്ടിൽ പിഴവ് ബോധ്യപ്പെട്ടതോടെ ടെലിമെഡിസിൻ വിഭാഗത്തിലെ ഡോക്ടറോട് കോളജ് അധികൃതർ റിപ്പോർട്ട് തേടി. വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ രോഗിയുടെ വയറ്റിൽ മുഴയുള്ളതായി പരിശോധനയിൽ കണ്ടെത്തി. സംശയം തോന്നിയ ഡോക്ടർ മുഴ സ്കാൻ ചെയ്യാൻ നിർദേശിച്ചു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ സ്കാനിങ് സെന്ററിൽ എം.ആർ.ഐ സ്കാൻ ചെയ്തു. ഈ റിപ്പോർട്ടിൽ അർബുദം ഇല്ലെന്നാണ് രേഖപ്പെടുത്തിയത്. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നുകയും വീണ്ടും സ്കാൻ ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു. വീണ്ടും സ്കാൻ ചെയ്തപ്പോൾ രോഗിക്ക് അർബുദം ഉണ്ടെന്നുള്ള റിപ്പോർട്ടാണ് ലഭിച്ചത്.
ഇതോടെ രോഗിയും ബന്ധുക്കളും ആശങ്കപ്പെടുകയും മെഡിക്കൽ കോളജ് അധികൃതർക്ക് പരാതി നല്കിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. രോഗിയുടെ പരാതി കൂടാതെ ഒരു ഡോക്ടർ ഉൾപ്പെടെ കോളജ് പ്രിൻസിപ്പലിന് പരാതി നൽകി. തുടർന്ന് ബുധനാഴ്ച പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അടിയന്തരമായി യോഗം ചേരുകയും സ്കാനിങ് റിപ്പോർട്ടിലെ പിഴവിനെ സംബന്ധിച്ച് അന്വേഷിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
മെഡിക്കൽ കോളജിലെ സ്കാനിങ് റിപ്പോർട്ട് തയാറാക്കുന്നത് അർധസർക്കാർ സ്ഥാപനമായ എച്ച്.എൻ.എല്ലിലെ റേഡിയോളജി വിഭാഗത്തിലെ ഡോക്ടറാണ്. ടെലിമെഡിസിൻ സംവിധാനം വഴിയാണ് ഇതു ചെയ്യുന്നത്. 30 ശതമാനം വരെ റിപ്പോർട്ടിൽ തെറ്റുകൾ സംഭവിക്കാറുണ്ട്. ഇത് ഡോക്ടർമാർ കണ്ടുപിടിച്ച് തിരുത്താറുമുണ്ട്. അത്തരത്തിലുള്ള പിഴവാണ് സംഭവിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
മെഡിക്കൽ കോളജ് അധികൃതർ നിശ്ചയിക്കുന്ന പാനലിൽനിന്നാണ് അർധസർക്കാർ സ്ഥാപനത്തിൽ ഡോക്ടറെ നിയമിക്കുന്നത്. ഈ സ്ഥാപനത്തിലെ ഡോക്ടർമാരോട് വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഡോക്ടറെ സർവിസിൽനിന്ന് നീക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. സംഭവത്തെപ്പറ്റി എച്ച്.എൻ.എല്ലിലെ ഡോക്ടറോട് വിശദീകരണം തേടിയിരിക്കുകയാണ് മെഡിക്കൽ കോളജ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.