കരൾ മാറ്റ ശസ്​​ത്രക്രിയക്ക്​ ശേഷം യാത്രയാക്കാൻ എത്തിയ ഡോ. സിന്ധു, പി.യു. തോമസ് എന്നിവർക്കൊപ്പം സുബീഷും പ്രവിജയും

സുബീഷിന് സന്തോഷത്തോടെ മടക്കം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ സുബീഷിന് സന്തോഷത്തോടെ മടക്കം. കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും തുടർചികിത്സക്ക് ആശുപത്രി സമീപത്ത് വാടകക്ക് താമസിക്കുകയായിരുന്ന സുബീഷ് ഞായറാഴ്ച തൃശൂർ വേലൂരിലെ വട്ടേക്കാട്ട് വീട്ടിലേക്ക് മടങ്ങി.

ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഗ്യാസ്ട്രോ സർജറി മേധാവി ഡോ.ആർ. സിന്ധു, നവജീവൻ ട്രസ്റ്റി പി.യു. തോമസ്, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ ഇവരെ യാത്രയാക്കാൻ എത്തിയിരുന്നു. ചടങ്ങിൽ ഡോ.ആർ. സിന്ധുവിനെ പി.യു. തോമസ് മെമന്‍റൊ നൽകി ആദരിച്ചു. കഴിഞ്ഞ ഫെബ്രുവരി 14 നാണ് തൃശൂർ വേലൂർ വട്ടേക്കാട്ടിൽ സുബീഷ് (40) കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. ഭാര്യ പ്രവിജയുടെ (36) കരളാണ് അദ്ദേഹത്തിൽ തുന്നിച്ചേർത്തത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനൊടുവിൽ മാർച്ച് മൂന്നിന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജും ചെയ്തിരുന്നു. എന്നാൽ, തുടർനിരീക്ഷണത്തിന് ആശുപത്രി പരിസരത്ത് താമസിക്കാൻ ഡോക്ടർമാർ നിർദേശം നൽകി. ഇതിനൊടുവിലാണ് ഇവരുടെ മടക്കം. വീട്ടിലേക്ക് പോകുന്നതിനുമുമ്പ് ആശുപത്രിയിലെത്തിയ ഇവർ ഡോക്ടർമാർ, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് നന്ദിപറഞ്ഞു.

Tags:    
News Summary - First liver transplant at Kottayam Medical College Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.