ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി രൂപവത്കരിച്ചിട്ട് ഞായറാഴ്ച 61 വർഷം പൂർത്തിയാകുന്നു. 1961 മേയ് നാലിനാണ് ആരോഗ്യ മന്ത്രി കെ. വേലപ്പന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി പട്ടം താണുപിള്ള മെഡിക്കൽ കോളജ് ആശുപത്രി പ്രഖ്യാപനം നടത്തിയത്. തുടർന്ന് ആദ്യ എം.ബി.ബി.എസ് ബാച്ച് മേയ് 19നും 1962 ആഗസ്റ്റ് ഒന്നിന് രണ്ടാമത്തെ ബാച്ചും തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടങ്ങി. നവംബർ 30ന് ജില്ല ആശുപത്രിയിലാണ് ആദ്യം മെഡിക്കൽ കോളജിന്റെ പ്രവർത്തനം ആരംഭിച്ചത്. 1970ൽ മെഡിക്കൽ കോളജിലേക്ക് പ്രവർത്തനം മാറ്റി. 1962 ഡിസംബർ മൂന്നിന് കോട്ടയം മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് ആദ്യ ബാച്ച് ആരംഭിച്ചു. ആദ്യ വിദ്യാർഥി അബ്ദുൽ റഹ്മാൻ ആയിരുന്നു. അന്നത്തെ കോളജ് യൂനിയൻ ചെയർമാൻ ഡോ. എം.എം. ജോസഫും ജനറൽ സെക്രട്ടറി ഡോ. റോയി പി. തോമസും ആയിരുന്നു. ഇവർ ഇപ്പോൾ യു.കെയിൽ സ്ഥിരതാമസക്കാരാണ്. എം.എൽ.എ ആയിരുന്ന ജോർജ് ജോസഫ് പൊടിപ്പാറ പ്രത്യേക താൽപര്യമെടുത്താണ് വടവാതൂരിലേക്ക് പോകേണ്ടിയിരുന്ന മെഡിക്കൽ കോളജ് ആർപ്പൂക്കരയിൽ കൊണ്ടുവന്നത്. പാടകശ്ശേരി ഇല്ലത്തെ ശ്രീകുമാരൻ മൂസത് ആണ് കോളജിന് 160 ഏക്കർ ഭൂമി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.