ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ഭൂഗർഭ പ്രവേശനപാതയുടെ നിർമാണത്തിന് തുടക്കമായി. മന്ത്രി വി.എൻ. വാസവൻ നിർമാണാദ്ഘാടനം നിർവഹിച്ചു. ആശുപത്രിയിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചുകടക്കാൻ ലക്ഷ്യമിട്ടുള്ള ഭൂഗർഭപാതയുടെ നിർമാണം ആറുമാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മൂന്നുമാസം കൊണ്ടുതന്നെ പണി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കരാറുകാർ അറിയിച്ചിരിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിൽ പൊതു ശ്മശാനം നിർമിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രി കവാടത്തിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ദിവസവും നൂറുകണക്കിന് പേരെത്തുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടരഹിതമായ സഞ്ചാരമൊരുക്കുന്നതിന് 1.30 കോടി ചെലവിട്ടാണ് ആധുനികരീതിയിൽ ഭൂഗർഭപാത നിർമിക്കുന്നത്.
അത്യാഹിത വിഭാഗത്തിലേക്കുള്ള കവാടത്തിനരികെയുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്റ്ർ മന്ദിരത്തിന് സമീപത്തുനിന്നാണ് പാത തുടങ്ങുന്നത്. ഇത് മെഡിക്കൽ കോളജ് ബൈപ്പാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാൻഡിന്റെ കവാടത്തിന് സമീപം അവസാനിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. 18.576 മീറ്ററാണ് ആകെ നീളം. അഞ്ചുമീറ്റർ വീതി. ഉയരം 3.5 മീറ്ററും. പാതയിൽ ആധുനിക വെളിച്ചസംവിധാനങ്ങൾ ഒരുക്കും. രോഗികൾക്കു വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും പാതക്കുള്ളിലുണ്ടാകും. രണ്ടുവർഷം മുമ്പ് ഏറ്റുമാനൂർ മണ്ഡലത്തിലെ വികസനപദ്ധതികളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറിലാണ് ഭൂഗർഭപാതയെന്ന ആശയം ഉയർന്നത്.
ചടങ്ങിൽ ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, േബ്ലാക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ഗ്രാമപഞ്ചായത്തംഗങ്ങളായ അരുൺ ഫിലിപ്പ്, എൽ.കെ. ഹരിക്കുട്ടൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, ഡോ. സാം ക്രിസ്റ്റി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.