ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ നടക്കുന്ന മെഡിക്കൽ പ്രദർശനം ‘മെഡക്സ് 23’ കാണാൻ വൻതിരക്ക്. അവധി ദിനമായ ഞായറാഴ്ച നൂറുകണക്കിനു പേരാണ് പ്രദർശനം കാണാനെത്തിയത്. പ്രവേശന കവാടത്തിൽ രാവിലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഇത് കണക്കിലെടുത്ത് പ്രദർശനം വീണ്ടും നീട്ടിയതായി സംഘാടകർ അറിയിച്ചു. നേരത്തേ ഈമാസം മൂന്നിന് ആരംഭിച്ച മെഡക്സ് ശനിയാഴ്ച അവസാനിക്കുമെന്നായിരുന്നു സംഘാടകർ പറഞ്ഞിരുന്നത്. എന്നാൽ, ഇത് ഈമാസം 30വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച ചേർന്ന സംഘാടകരുടെ യോഗം ഇത് ഡിസംബർ നാലുവരെ നീട്ടാൻ തീരുമാനിച്ചു.
കുട്ടികളുടെ തിരക്കും പൊതുജനങ്ങളുടെ അഭ്യർഥനമാനിച്ചുമാണ് ഡിസംബർ നാലുവരെ പ്രദർശനം നീട്ടിയതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.എസ്. ശങ്കർ പറഞ്ഞു.
മനുഷ്യശരീരവും അതിന്റെ ഉള്ളറകളും അടക്കം വൈദ്യശാസ്ത്രത്തിന്റെ വിവിധമേഖലകൾ പരിചയപ്പെടുത്തുന്നതാണ് പ്രദർശനം. പ്രഗല്ഭ ഡോക്ടർമാർ നയിക്കുന്ന രോഗപ്രതിരോധ നിർദേങ്ങളും മാർഗങ്ങളും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്. ജീവിതശൈലീരോഗങ്ങൾ, വിവിധതരം അർബുദം, സ്ട്രോക്ക്, ബോധക്ഷയം എന്നിവ ഉണ്ടായാൽ എങ്ങനെ പ്രാഥമിക ചികിത്സ നൽകാം എന്നിവ ചിത്രസഹിതം വിശദീകരിക്കുന്നുണ്ട്.
എൻജിനും എ.സിയും ഓൺചെയ്തശേഷം കാറിനുള്ളിൽ ഇരുന്നാലുണ്ടാകുന്ന ദോഷങ്ങൾ വിവരിക്കുന്ന സ്റ്റാളും ഇവിടെയുണ്ട്. ഈ സ്റ്റാളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. കാർ ഓണായി കിടക്കുമ്പോൾ ഓക്സിജന്റെ അഭാവത്തിൽ ഇന്ധനത്തിന്റെ അപൂർണമായ ജ്വലനം കാരണം കാർബൺ മോണോക്സൈഡ് രൂപപ്പെടുന്നു. പുകക്കുഴലുകളിലുണ്ടാകുന്ന വിടവുകളിലൂടെ ഇത് വാഹനത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കും.
കാർബൺമോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്ന് കാർബോക്സീ ഹീമോഗ്ലോബിൻ എന്ന പദാർഥം ഉണ്ടാകുന്നു. ഇത് ശ്വാസകോശത്തിൽനിന്ന് ഓക്സിജൻ പേശികളിലേക്ക് എത്തുന്നത് തടയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യുമെന്നത് ചിത്രം സഹിതം ഇവിടെ സന്ദർശകരെ ബോധ്യപ്പെടുത്തുന്നു. പ്രദർശനം കാണാൻ സ്കൂൾ കുട്ടികൾക്ക് 80ഉം കോളജ് വിദ്യാർഥികൾക്ക് 100 രൂപയും മറ്റുള്ളവർക്ക് 130 രൂപയുമാണ് ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.