ഗാന്ധിനഗർ: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്സ് തിരികെ നൽകി രാജേന്ദ്രൻ വീണ്ടും സത്യസന്ധത തെളിയിച്ചു. ഒ.പി രജിസ്ട്രേഷൻ കൗണ്ടറിന് സമീപത്തുനിന്നാണ് മെഡിക്കൽ കോളജിലെ അന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന രാജേന്ദ്രന് 3000 രൂപയും രേഖകളുമടങ്ങിയ പഴ്സ് കളഞ്ഞുകിട്ടിയത്. പഴ്സ് തുറന്ന് പരിശോധിച്ചപ്പോൾ കോട്ടയം കിംസ് ആശുപത്രിയിലെ കാർഡും കെ.എസ്.ഇ.ബിയിൽ പണമടച്ച രസീതും പെൻഷൻ വാങ്ങിയ രസീതും കണ്ടെത്തി. ഈ രസീതിൽ കണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ടാണ് ഉടമയെ കണ്ടെത്തിയത്.
നീലംപേരൂർ വല്യവീട്ടിൽ പി.കെ. ഗോപിയുടേതായിരുന്നു കളഞ്ഞുകിട്ടിയ പഴ്സ്. ഗോപി രോഗിയായ ഭാര്യയുമൊത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത്.
ഇത് നാലാം തവണയാണ് രാജേന്ദ്രന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിലപിടിപ്പുള്ള വസ്തുക്കളും പണവും കളഞ്ഞുകിട്ടുന്നത്. 2008ൽ അഡ്മിഷൻ കൗണ്ടറിന് മുന്നിൽനിന്ന് മറന്നുെവച്ചു പോയ 1.35 ലക്ഷം രൂപ ഉടമയെ കണ്ടെത്തി ഏൽപിച്ചിരുന്നു. പിന്നീട് ഫാർമസിയുടെ മുന്നിൽനിന്ന് കാണക്കാരി സ്വദേശി ലീലയുടെ സ്വർണവളയും പണവും ആധാർ കാർഡും തിരിച്ചറിയൽ കാർഡുമടങ്ങിയ പഴ്സ് ലഭിച്ചു. ഒരാഴ്ച മുമ്പ് ഒ.പി രജിസ്ട്രേഷൻ കൗണ്ടറിന് മുന്നിൽനിന്ന് ലഭിച്ചത് സ്വർണ പാദസരമായിരുന്നു.
20 വർഷമായി മെഡിക്കൽ കോളജിലെ അന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തുവരുകയാണ് മണിമല വെള്ളാവൂർ ഏറത്തു വടകര മുട്ടാറ്റ് വീട്ടിൽ എം.ആർ. രാജേന്ദ്രൻ. മെഡിക്കൽ കോളജ് ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്സിലാണ് കുടുംബവുമായി താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.