ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ മലിനജല ശുചീകരണ പ്ലാന്‍റിൽനിന്ന് ശൗചാലയ മാലിന്യം ഉൾപ്പെടെ കവിഞ്ഞ് ജനവാസ കേന്ദ്രത്തിലൂടെ പരന്നൊഴുകുന്നതായി പരാതി. മലിനജലം ശുദ്ധീകരിക്കുന്നതിന് പമ്പ് ചെയ്യുന്ന മോട്ടോർ കേടായതാണ് കാരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോട്ടോർ പ്രവർത്തനരഹിതമാണ്.
ഇത് നന്നാക്കാതെ മലിനജലം ശുദ്ധീകരിക്കാൻ കഴിയില്ല. പ്ലാന്‍റിെൻറ സമീപത്തുതന്നെ സ്ഥാപിച്ചിരിക്കുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിൽനിന്നാണ് പ്ലാന്‍റിലേക്ക് വൈദ്യുതി എത്തുന്നത്. എന്നാൽ, പലപ്പോഴും ഉയർന്ന അളവിലോ വളരെ താഴ്ന്ന അളവിലോ ആണ് വൈദ്യുതി ഇവിടേക്ക് എത്തുന്നത്.
ഇതാണ് മോട്ടോർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നിരന്തരം കേടാകാൻ കാരണമെന്ന് പമ്പിങ് തൊഴിലാളികൾ പറയുന്നു. ഏതാനും നാളുകൾക്കു മുമ്പും ഒരു മോട്ടോർ കേടായിരുന്നു. ഇത് നന്നാക്കി വെച്ചതിന് പിന്നാലെ താമസിയാതെ തന്നെ മറ്റൊരു മോട്ടോറും കേടായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇക്കാര്യം മെഡിക്കൽ കോളജ് അധികൃതരെ സമയാസമയങ്ങളിൽ അറിയിക്കാറുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.
മലിനജലം പ്ലാന്‍റിൽനിന്ന് ഒഴുകിയെത്തുന്നത് മുടിയൂർക്കരയിലെയും മാന്നാനത്തെയും ജനവാസ കേന്ദ്രത്തിലേക്കാണ്. മുമ്പ് ഇതേ രീതിയിൽ മലിനജലം ഒഴുകി ഈ പ്രദേശത്തേക്ക് എത്തുകയും കിണർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിലെ കുടിവെള്ളം മലിനമാകുകയും ചെയ്തിരുന്നു. തുടർന്ന് പ്രദേശത്ത് മഞ്ഞപ്പിത്തം പടർന്നുപിടിച്ചിരുന്നു.
ഈ അവസ്ഥ വീണ്ടും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. മലിനീകരണ പ്ലാന്‍റിലെ മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.