ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ തുടർ ചികിത്സക്കെത്തി ഓട്ടോയിൽ താമസിച്ചിരുന്ന ദമ്പതികൾ ഇനി മുതൽ നവജീവനിൽ. എറണാകുളം കച്ചേരിപ്പടി വടുതലപ്പറമ്പിൽ സണ്ണി (48), ഭാര്യ സ്വപ്ന (42) എന്നിവരെയാണ് നവജീവൻ ഏറ്റെടുത്തത്. ഒരുമാസമായി മെഡിക്കൽ കോളജിൽ തുടർചികിത്സയിലാണ് ഈ ദമ്പതികൾ. തലച്ചോറിന് ഗുരുതര രോഗമുള്ള സ്വപ്നക്കും ഹൃദയശസ്ത്രക്രിയ നിർദേശിച്ചിട്ടുള്ള സണ്ണിക്കും പലദിവസങ്ങളിലായി മെഡിക്കൽ കോളജിൽ എത്തണം. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിനാൽ വാടകക്ക് കഴിയുകയായിരുന്നു. കോവിഡും രോഗബാധിതനുമായതിനെ തുടർന്ന് വാടക നൽകുവാൻ കഴിയാതെയായി. തുടർന്ന് ചികിത്സയുടെ ഭാഗമായി മെഡിക്കൽ കോളജിൽ എത്തിയശേഷം കോമ്പൗണ്ടിൽ ഓട്ടോയിൽ കഴിയുകയായിരുന്നു. ഒമ്പതുവർഷം മുമ്പാണ് തലവേദനക്ക് ചികിത്സ ആരംഭിക്കുന്നത്. ഉണ്ടായിരുന്ന ഭൂമിവിറ്റാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ നടത്തിയത്. തുടർന്ന് കടബാധ്യതയായപ്പോഴാണ് മെഡിക്കൽ കോളജിൽ എത്തുന്നത്.
തലച്ചോറിലെ രോഗചികിത്സ നടക്കുമ്പോഴാണ് കോവിഡ് ബാധിതയാകുന്നത്. കോവിഡ് രോഗമുക്തമായെങ്കിലും ശസ്ത്രക്രിയക്കും മരുന്നിനുമായി മാസം 5000 രൂപയോളം വേണ്ടിവരും. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സണ്ണി ഭാര്യയുടെ അസുഖത്തെ തുടർന്നാണ് നാട്ടിലെത്തിയത്. തുടർന്ന് ഓട്ടോ ഓടിച്ചാണ് ഉപജീവനം കഴിഞ്ഞത്. കോവിഡ് വ്യാപനം രൂക്ഷമായ അവസരത്തിൽ ഓട്ടോ വരുമാനം നിന്നു. മെഡിക്കൽ കോളജ് ചികിത്സക്ക് എത്തിയപ്പോൾ ഓട്ടോയിലായി അന്തിയുറക്കം. ഭാര്യ ഉറങ്ങുമ്പോൾ, ഭർത്താവ് കാവലിരിക്കും. ഭർത്താവ് ഉറങ്ങുമ്പോൾ ഭാര്യയും. ഓട്ടോയിൽ പായവിരിച്ച് വളഞ്ഞുകൂടി കിടക്കുന്ന ഇവരുടെ വിവരം അറിഞ്ഞ് പി.യു തോമസ് എത്തി ഏറ്റെടുത്തു. തുടർസംരക്ഷണവും ചികിത്സചെലവും അദ്ദേഹം ഏറ്റെടുത്തു. വിവരം അറിഞ്ഞ് ലീഗൽ മെട്രോളജി സെക്ഷൻ ഓഫിസർ സി.വിദ്യ, സാമൂഹിക സുരക്ഷ സമിതി ഒ.ബി.സി കൗൺസിലർ കെ.എസ് ശ്രീജേഷ് എന്നിവർ നവജീവനിലെത്തി തുടർനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.