കോട്ടയം: വലിച്ചെറിഞ്ഞ മാലിന്യക്കുപ്പികളിൽനിന്ന് ഉയർന്ന വിഷവാതകം ശ്വസിച്ച് വിദ്യാർഥികൾക്ക് അസ്വസ്ഥത. കോട്ടയം ചാലുകുന്ന് ലിഗോറിയൻ പബ്ലിക് സ്ക്കൂളിൽ വെള്ളിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. സ്കൂൾ വളപ്പിന് സമീപത്തെ സമീപവാസിയുടെ പുരയിടം വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ പഴയകുപ്പികളാണ് വില്ലനായത്. വൃത്തിയാക്കാനെത്തിയ തൊഴിലാളികൾ കുപ്പികൾ സ്കൂൾ കോമ്പൗണ്ടിലേക്ക് ഇടുകയായിരുന്നു. ഇതിനിടെ കുപ്പികൾ പൊട്ടി രാസപദാർഥം പുറത്തേക്ക് വമിക്കുകയായിരുന്നു. ആസിഡ് ഉൾപ്പെടെയുള്ള രാസപദാർഥങ്ങളായിരുന്നു ഇതിലെന്നാണ് സംശയിക്കുന്നത്.
കുട്ടികൾക്ക് കണ്ണിന് നീറ്റലുണ്ടായി. ചിലർക്ക് തലകറക്കവും തളർച്ചയും അനുഭവപ്പെട്ടു. രൂക്ഷമായ ഗന്ധവുമുണ്ടായിരുന്നു. കണ്ണിൽ നീറ്റൽ അനുഭവപ്പെട്ട ഏട്ട് കുട്ടികളെ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആറുപേരെ നിരീക്ഷണത്തിനുശേഷം വിട്ടയച്ചു. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾ പഠിക്കുന്ന ക്ലാസിന് സമീപത്താണ് കുപ്പികൾ ഇട്ടത്. അധ്യാപകർക്കും ജീവനക്കാർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. കുട്ടികൾ എത്തുന്ന സമയമായതിനാലാണ് കൂടുതൽ പ്രശ്നം ഒഴിവായതെന്ന് ജീവനക്കാർ പറഞ്ഞു. നിലവിലുണ്ടായിരുന്നവരെ ഉടൻ സമീപത്തെ സ്ഥാപനത്തിലേക്ക് മാറ്റി. സ്കൂളിന് അവധിയും നൽകി.
ലാബിൽ ഉപയോഗിക്കുന്ന തരത്തിലുള്ള കുപ്പികളാണ് പൊട്ടിക്കിടന്നിരുന്നത്. ഇതിൽനിന്ന് പുറത്തേക്ക് വമിച്ച രാസപദാർഥമാകാം അസ്വസ്ഥത സൃഷ്ടിച്ചതെന്ന് കോട്ടയം വെസ്റ്റ് പൊലീസ് പറഞ്ഞു. അഗ്നിരക്ഷാസേനയെത്തി വാതകം നീക്കാൻ പതയടിച്ചശേഷമാണ് അസ്വസ്ഥതയൊഴിഞ്ഞത്. വർഷങ്ങളായി വെറുതെ കിടക്കുന്ന പറമ്പ് മാലിന്യം നിറഞ്ഞനിലയിലായിരുന്നു. സ്കൂൾ കോമ്പൗണ്ടിലേക്ക് മുമ്പും മാലിന്യം തള്ളാറുണ്ടെന്നും ഇത് ആവർത്തിക്കുരുതെന്ന് സമീപവാസിയോട് പലതവണ ആവശ്യപ്പെട്ടിരുന്നതായും പ്രിൻസിപ്പൽ പറഞ്ഞു. വെസ്റ്റ് പൊലീസിൽ പരാതിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.