കോട്ടയം: കോടിമതക്ക് പിന്നാലെ വടവാതൂരിലെ മാലിന്യക്കൂമ്പാരത്തിലും കേസെടുത്ത് ജില്ല ലീഗൽ സർവിസ് അതോറിറ്റി. സെക്രട്ടറിയും സബ്ജഡ്ജിയുമായ രാജശ്രീ രാജഗോപാൽ പ്രദേശം സന്ദർശിച്ച ശേഷമാണ് കേസെടുത്തത്. വടവാതൂരിൽ മതിൽ ഇടിഞ്ഞതിനെ തുടർന്ന് മാലിന്യം മഴയിൽ റോഡിലേക്ക് ഒഴുകിയിറങ്ങുകയാണ്. സ്കൂളും വീടുകളും അടക്കം പ്രവർത്തിക്കുന്ന മേഖലയാണിത്.
മുനിസിപ്പാലിറ്റിയുടെ മാലിന്യകേന്ദ്രമായിരുന്നെങ്കിലും സ്ഥലത്തിന്റെ ഉടമ വടവാതൂർ പഞ്ചായത്താണ്. വർഷങ്ങൾ പഴക്കമുള്ള മാലിന്യമാണ് ഇവിടെയുള്ളത്. നിലവിൽ മുനിസിപ്പാലിറ്റി മാലിന്യം തള്ളുന്നില്ല. കേന്ദ്രത്തിന് സുരക്ഷയില്ലാത്തതിനാൽ ഇപ്പോഴും മാലിന്യമെത്തിച്ച് കത്തിക്കുന്നതായി പരിശോധനയിൽ വ്യക്തമായി. മാലിന്യം കത്തിച്ചതിനെ തുടർന്ന് രണ്ടു വലിയ മരങ്ങൾ കരിഞ്ഞുണങ്ങി. ഇവ എപ്പോൾ വേണമെങ്കിലും മതിലിനു പുറത്തേക്കു വീഴാവുന്ന നിലയിലാണ്. വിഷയത്തിൽ പഞ്ചായത്ത് അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മണർകാട് പഞ്ചായത്ത് ഓഫിസിനു മുന്നിലും ഇത്തരത്തിൽ മാലിന്യം കൂടിക്കിടന്നിരുന്നു. സമീപത്തെ തോട് മാലിന്യത്താൽ മൂടിയ നിലയിലായിരുന്നു. കേസെടുത്തതോടെ മാലിന്യം പൂർണമായി പഞ്ചായത്ത് നീക്കി. പുറത്തുനിന്ന് കൊണ്ടുവന്ന് മാലിന്യം തള്ളുന്നതാണെന്നാണ് പഞ്ചായത്ത് ലീഗൽ സർവിസ് അതോറിറ്റിയെ അറിയിച്ചത്. മാലിന്യം നീക്കിയതിനാൽ പഞ്ചായത്തിനെതിരായ നടപടിക്രമങ്ങൾ അവസാനിപ്പിക്കും. പഞ്ചായത്തിലെ സ്വകാര്യആശുപത്രിയുടെ പിറകിലും വൻതോതിൽ മാലിന്യക്കൂമ്പാരമുണ്ട്. ഇതിനെതിരെയും നടപടി ആരംഭിച്ചു.
കോടിമത ചന്തയിലെ മാലിന്യക്കൂമ്പാരം കൊടൂരാറ്റിലും നിറഞ്ഞിരിക്കുകയാണ്. ആറ് തിരിച്ചെടുക്കാൻ സാധിക്കാത്ത വിധം മലിനമായി. മത്സ്യ-മാംസ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് അടക്കവുമാണ് ഇവിടെ കുന്നുകൂട്ടിയിരിക്കുന്നത്. വ്യാപാരികളടക്കം നിരവധി പേർ ഇതുസംബന്ധിച്ച് പരാതി നൽകിയതിനെതുടർന്നാണ് കേസെടുത്തത്. കേസിൽ 21ന് കലക്ടർ, നഗരസഭ അധ്യക്ഷ, സെക്രട്ടറി അടക്കം ഉദ്യോഗസ്ഥർ ഹിയറിങ്ങിന് ഹാജരാകണം. ബ്രഹ്മപുരം സംഭവത്തിനുശേഷം ജില്ലകളിലെ മാലിന്യക്കൂമ്പാരങ്ങളുടെ നിരീക്ഷണം ഹൈകോടതി ഉത്തരവ് പ്രകാരം ലീഗൽ സർവിസ് അതോറിറ്റിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.