കോട്ടയം: പൈപ്പിലൂടെ പ്രകൃതിവാതകം (പൈപ്പ്ഡ് നാച്വറൽ ഗ്യാസ് -പി.എൻ.ജി) അടുക്കളകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി നഗരസഭയിൽ ആറുമാസത്തിനകം നടപ്പാകും. നഗരസഭയിലെ 52 വാർഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വീടുകൾ കയറിയുള്ള സർവേയും ബുക്കിങ്ങും പുരോഗമിക്കുകയാണ്. കേരളത്തിലെ 11 ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പായിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ് ഇനിയുള്ളത്. അതിൽ കോട്ടയത്താണ് ആദ്യം തുടങ്ങുന്നത്. ഷോല ഗ്യാസ്കോ കമ്പനിയാണ് മൂന്നു ജില്ലകളിലും വിതരണം ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ 24 മണിക്കൂറും അടുക്കളയിൽ പ്രകൃതിവാതകം ലഭ്യമാകും.
കൊച്ചി പുതുവൈപ്പിനിലെ പ്ലാന്റിൽ നിന്ന് പൈപ്പ് ലൈൻ വഴിയാണ് വാതകമെത്തിക്കുക. പൈപ്പ് ലൈൻ പൂർത്തിയാവുന്നതുവരെ കളമശേരിയിലെ പ്ലാന്റിൽനിന്ന് വാഹനത്തിലെത്തിച്ച് ജില്ലയിലെ സ്റ്റേഷനിൽ ശേഖരിക്കുകയും പ്രാദേശിക പൈപ്പ്ലൈനുകൾ വഴി വീടുകളിലെത്തിക്കുകയുമാണ് ചെയ്യുന്നത്. വാതകം സൂക്ഷിക്കാനുള്ള ടാങ്ക് സ്ഥാപിക്കാൻ നാട്ടകത്തും എം.സി. റോഡിനരികിലുമായി ഒന്നര ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അനുയോജ്യമായ സ്ഥലത്തായിരിക്കും ടാങ്ക് നിർമിക്കുക. നടപടികൾ വേഗത്തിലാക്കാൻ പല ഏജൻസികൾ ഒരേസമയം പ്രാദേശിക പൈപ്പ്ലൈനുകൾ സ്ഥാപിക്കും. ഇതോടൊപ്പം കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി) പമ്പുകൾ ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവിലെ പമ്പുകളിൽ തന്നെയാണ് സി.എൻ.ജി വാതകവും വിതരണം ചെയ്യുക.
പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡിനാണ് പദ്ധതിയുടെ ചുമതല. ബോർഡ് മൂന്നു കമ്പനികൾക്കാണ് വിതരണത്തിന് അനുമതി നൽകിയിട്ടുള്ളത്. എറണാകുളം മുതൽ കാസർകോട് വരെ എട്ടു ജില്ലകളിൽ ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് ലിമിറ്റഡാണു (ഐ.ഒ.എ.ജി.പി.എൽ) പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിർവഹണം അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് ലിമിറ്റഡിനാണ് (എ.ജി ആൻഡ് പി). രാജ്യത്തെ 470 ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
പദ്ധതിക്ക് സഹകരണം തേടി ഷോല ഗ്യാസ്കോ കമ്പനി അധികൃതർ നഗരസഭക്ക് കത്ത് നൽകിയിട്ടുണ്ട്. വിഷയം വ്യാഴാഴ്ച ചേരുന്ന കൗൺസിൽ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.