കോട്ടയം: ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന ജില്ല ജനറൽ ആശുപത്രിയിൽ ആകെയുള്ളത് ഒറ്റ കാഷ് കൗണ്ടർ മാത്രം. പല വിഭാഗങ്ങളിലെ വിവിധ സേവനങ്ങൾക്ക് പണമടക്കാനെത്തുന്നവർ വരിനിന്ന് മടുക്കുന്നു. മെഡിക്കൽ കോളജിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമടക്കം ഗൂഗിൾപേ, സ്കാനിങ് സംവിധാനങ്ങൾ നിലവിൽ വന്നിട്ടും ജില്ല ജനറൽ ആശുപത്രിയിൽ എല്ലാം പഴയ പടി തന്നെ. പണം ഓൺലൈനിൽ അടക്കാൻ സൗകര്യമൊരുക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ പല തവണ ആവശ്യമുയർന്നിരുന്നു.
ചെയ്യാം എന്ന മറുപടിയല്ലാതെ നടപടികളുണ്ടാവുന്നില്ല. ലാബ്, ഇ.സി.ജി, എക്സ്റേ തുടങ്ങിയ എല്ലാ സെക്ഷനിലും സ്കാനർ വെച്ചാൽ രോഗികൾക്കും ജീവനക്കാർക്കും ഏറെ സമയം ലാഭിക്കാം. ആരോഗ്യസുരക്ഷാപദ്ധതി ഓഫിസിന് സമീപത്താണ് ആശുപത്രിയിലെ ഏക കാഷ് കൗണ്ടർ. ബിൽ എഴുതി നൽകി പണം വാങ്ങുന്ന സംവിധാനമായതിനാൽ ഇവിടെ കാത്തുനിന്ന് മുഷിയും. ഡോക്ടറെ കണ്ട ശേഷം പരിശോധനകൾ നടത്തി പണമടച്ച് വീണ്ടും ചെല്ലുമ്പോഴേക്കും ഒ.പി സമയം കഴിയും. രോഗികൾ പല തവണ പരാതി പറഞ്ഞെങ്കിലും അധികൃതർ കേട്ടമട്ടില്ല. ഓൺലൈൻ ആകുന്നതോടെ തട്ടിപ്പിനുള്ള സാധ്യത കുറയും. സ്റ്റേറ്റ്മെന്റ് എടുത്താൽ കൃത്യമായ കണക്ക് അറിയാനുമാവും. എന്നാൽ തീരുമാനങ്ങൾ എടുക്കുക എന്നല്ലാതെ ആരു നടപ്പാക്കുമെന്ന് ആർക്കും പിടിയില്ല. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ പല തവണ ആവശ്യമുന്നയിച്ചിരുന്നു. എന്താണ് സാങ്കേതിക തടസ്സമെന്ന് മാത്രം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.