കോട്ടയം: നഗരമധ്യത്തിൽ അസം സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ നാലംഗസംഘം പിടിയിൽ.
ക്രിമിനൽ കേസുകളിൽ പ്രതികളായ നാട്ടകം മറിയപ്പള്ളി കളപ്പൂർ കെ.പി. ബാബു (അമ്മിണി ബാബു -54), കുമാരനല്ലൂർ പെരുമ്പായിക്കാട് സലിം മൻസിലിൽ എസ്.ബി. ഷംനാസ് (37), വടവാതൂർ പ്ലാമ്മൂട്ടിൽ സാബു കുര്യൻ (ചാച്ച-38), അയ്മനം പൂന്ത്രക്കാവ് പതിമറ്റം കോളനി ജയപ്രകാശ് (മൊട്ട പ്രകാശ് -42) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുണിെൻറ നേതൃത്വത്തിൽ പിടികൂടിയത്. നാലുപേരും കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികളാണ്.
ഓട്ടോ ഓടിക്കുന്നതിെൻറ മറവിലാണ് ഇവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ.
അസാം സ്വദേശി മാങ്ങാനത്ത് കുടുംബസമേതം വാടകക്ക് താമസിക്കുന്ന അലി അക്ബറിനെയാണ് (31) തട്ടിക്കൊണ്ടുപോയി പണം തട്ടിയത്. 12വർഷം മുമ്പ് കേരളത്തിൽ എത്തിയ ഇയാൾ ഇൻറർലോക്ക് നിർമാണം നടത്തിയാണ് ജീവിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് കോട്ടയം മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ അലിയെ, രണ്ട് ഓട്ടോകളിലായി എത്തിയ സംഘം ബലമായി ഓട്ടോയിൽ വലിച്ചുകയറ്റി. തുടർന്ന് കോട്ടയം ടൗണിലും കോടിമത പുതുപ്പള്ളി ഭാഗങ്ങളിലും കൊണ്ടുനടന്ന് മർദിച്ചു. കോടിമതക്ക് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഇയാളെ ബന്ദിയാക്കിയ പ്രതികൾ അലിയുടെ വീട്ടിൽവിളിച്ച് അരലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
തുടർന്ന് അലിയുടെ സുഹൃത്ത് 30,000 രൂപ കോടിമത ഭാഗത്തുെവച്ച് ബാബുവിെൻറ ൈകയിൽ നൽകി. ബാക്കി 20,000 രൂപ വെള്ളിയാഴ്ച ഉച്ചക്ക് ഭാരത് ആശുപത്രി ഭാഗത്തുവച്ച് കൈമാറണമെന്ന് ആവശ്യപ്പെട്ട് അലിയെ വിട്ടയച്ചു. അലിയുടെ പരാതി പ്രകാരം ജില്ല പൊലീസ് മേധാവി ജി.ജയദേവിെൻറ നിർദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാറിെൻറ നേതൃത്വത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിച്ചു.
ഈ സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിൽ പണം ഏറ്റുവാങ്ങാൻ എത്തിയ പ്രതികളെ പിടികൂടുകയായിരുന്നു. വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്, ജൂനിയർ എസ്.ഐ സുമേഷ്, പ്രൊബേഷൻ എസ്.ഐ അഖിൽ ദേവ്, ഗ്രേഡ് എസ്.ഐമാരായ കുര്യൻ മാത്യു , കെ.പി മാത്യു , എ.എസ്.ഐമാരായ പി.എൻ മനോജ് , കെ.കെ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.ജെ സജീവ് , സി.കെ. നവീൻ, സി. സുദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ചിങ്ങവനം, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനുകളിൽ അടിപിടി, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ എന്നിവ അടക്കം കേസുകളിൽ പ്രതികളാണ് പിടിയിലായവർ.
ഒരുമാസം മുമ്പ് കഞ്ഞിക്കുഴിയിൽ ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണംതട്ടിയ കേസിലും ചിങ്ങവനത്ത് സ്ത്രീകൾ മാത്രം താമസിക്കുന്ന സ്ഥലത്ത് ആക്രമണം നടത്തി സ്ത്രീയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച സംഭവത്തിനുപിന്നിലും ഇതേസംഘമാണ്. തിരുവാർപ്പ് അജി എന്ന മോഷ്ടാവിെൻറ മോഷണ മുതൽ വിറ്റുനൽകിയ കേസിലും അമ്മിണി ബാബു പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.