എരുമേലി: ഭിന്നശേഷിക്കാരായ സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ച ആനുകൂല്യം പൂർണമായും ലഭിക്കുന്നില്ലെന്ന് പരാതി. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് അധികൃതർക്കും ജില്ല സാമൂഹിക നീതി അധികൃതർക്കുമെതിരെയാണ് രക്ഷിതാക്കൾ പരാതിയുമായി രംഗത്തുവന്നത്. സർക്കാർ ഉത്തരവ് നടപ്പാക്കാൻ തയാറാകാത്ത അധികൃതരുടെ നിലപാടിനെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്ദീൻ, സാമൂഹിക ക്ഷേമ മന്ത്രി കെ.കെ. ശൈലജ എന്നിവർക്ക് നിവേദനം നൽകി.
മാനസിക/ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ തദ്ദേശഭരണ സ്ഥാപനം സ്കോളർഷിപ്പും മറ്റ് ബത്തകളും നൽകണമെന്നാണ് സർക്കാർ ഉത്തരവ്. പ്രതിമാസ സ്കോളർഷിപ്, പഠനസാമഗ്രികൾ, വസ്ത്രങ്ങൾ, ഉല്ലാസം/പഠനം എന്നിവയടക്കം ഓരോ വിദ്യാർഥിക്കും 28,500 രൂപ ലഭിക്കേണ്ടതാണ്.
എന്നാൽ, സമീപ പഞ്ചായത്തുകളിലുള്ള വിദ്യാർഥികൾക്ക് ആനുകൂല്യം ലഭിച്ചിട്ടും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസിെൻറ കീഴിലുള്ള പഞ്ചായത്തിലെ വിദ്യാർഥികൾക്ക് ലഭിച്ചില്ലെന്ന് രക്ഷിതാക്കളായ ബി.എ. നൗഷാദ് ബംഗ്ലാവ്പറമ്പിൽ, സണ്ണി മുക്കാലി, പി.എ. കബീർ, നൗഷാദ് ആനക്കല്ല് എന്നിവർ പറഞ്ഞു. ബി.എ. നൗഷാദ് ബംഗ്ലാവ്പറമ്പിൽ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ജില്ല സാമൂഹിക നീതി ഓഫിസർ, അപേക്ഷകൻ എന്നിവരുമായി ഹിയറിങ് നടത്തിയിരുന്നു. പഞ്ചായത്തിൽനിന്ന് ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതിനാലാണ് ആനുകൂല്യം നൽകാൻ കഴിയാത്തതെന്ന് ഐ.സി.ഡി.എസ് അധികൃതരും ഐ.സി.ഡി.എസ് ആവശ്യപ്പെടുന്ന ഫണ്ട് നൽകുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതരും അവകാശപ്പെടുന്നതായി മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.