വെമ്പള്ളി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ 5500 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് മടങ്ങിയെത്തിയ വെമ്പള്ളിക്കാരൻ അഖില്‍ സുകുമാരന്‍ വെമ്പള്ളി ഗവ.യു.പി സ്കൂളില്‍ മോന്‍സ് ജോസഫ് എം.എല്‍.എയുടെ നേത്യത്വത്തില്‍ സ്വീകരണം നല്കി. വെമ്പള്ളി ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൊന്നാടയണിയിച്ചും നോട്ടുമാലകള്‍ ചാര്‍ത്തിയുമാണ് അഖിലിനെ നാട്ടുകാര്‍ സ്വീകരിച്ചത്.
രാഷ്ട്രവും യുവജനങ്ങളും നേരിടുന്ന വെല്ലുവിളിക്കെതിരെ വലിയ സന്ദേശപ്രചാരണമാണ് അഖില്‍ നല്‍കിയതെന്ന മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. അഖിലിന് ഔദ്യോഗിക സ്വീകരണം നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക്ക് അധ്യക്ഷതവഹിച്ചു.
കാണക്കാരി പഞ്ചായത്തിലെ നാരകത്തുപടിയില് മുണ്ടുമാക്കില്‍ വീട്ടില്‍ സുകുമാരന്റെയും സുഭാഷിണിയുടെയും ഏക മകനായ അഖില്‍ എം.എസ്.ഡബ്ല്യു വിദ്യാർഥിയാണ്.
ബിഹാറിലെ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ആരംഭിച്ച സൈക്കിള്‍യാത്ര യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കാമേശ്വര് നാഥ് സിങ്ങാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ലഹരിക്കെതിരെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും ബോധവത്കരിക്കാനും സൈക്കിള്‍ യാത്ര വഴി മനുഷ്യര്‍ക്ക് എങ്ങനെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കാം എന്നതിന്റെ പഠനവിഷയത്തെ അടുത്തറിയാനാണ് സൈക്കിള്‍ യാത്ര നടത്തിയതെന്ന് അഖില്‍ പറഞ്ഞു. 75 ദിവസം നടത്തിയ യാത്ര വെമ്പള്ളിയിലാണ് അവസാനിപ്പിച്ചത്. സൈക്കിൾ യാത്ര ദിവസേന 100 കിലോമീറ്ററിന് മേൽ എന്നതായിരുന്നു കണക്ക്.
പ്രതികൂല സാഹചര്യങ്ങളെയും കാലാവസ്ഥയെയും അതിജീവിച്ചാണ് ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പെട്രോൾ പമ്പുകളിലും അന്തിയുറങ്ങിയുള്ള യാത്ര. ചാക്കും ബെഡ്ഷീറ്റും കുടിവെള്ളവും മാത്രമായിരുന്നു കരുതൽ. തന്റെ സൈക്കിൾ യാത്രയുടെ ഉദ്ദേശ്യവും യാത്രാനുഭവങ്ങൾ പങ്കുവെച്ചവർ നല്ല മനസ്സോടെ നൽകിയ സഹായം യാത്രക്ക് ഏറെ ഉപകാരപ്പെട്ടതായി അഖിൽ സുകുമാരൻ പറഞ്ഞു.
ജനപ്രതിനിധികളായ അജിത ജയ മോഹന്‍, തമ്പി കാവുംപറമ്പിൽ, അംബിക സുകുമാരൻ, സാംകുമാർ, ബെറ്റ്സിമോൾ, സംഘാടക സമിതി ഭാരവാഹികളായ രജിൻ രാജ്, കെ.ജി. ജിഷി, ജിതേന്ദ്ര കുമാർ, ജിബിൻ വാഴപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.