കോട്ടയം: പാതിവഴിയിൽ നിലച്ച കോട്ടയത്തെ ആകാശപാത സമയബന്ധിതമായി പൂർത്തിയാക്കാൻ ഹൈകോടതി നിർദേശം നൽകിയതോടെ പദ്ധതിക്ക് വീണ്ടും ജീവൻവെക്കുമെന്ന് പ്രതീക്ഷ. 2016 ഫെബ്രുവരിയിൽ തറക്കല്ലിട്ട പദ്ധതി വർഷങ്ങളായി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഇത് രൂക്ഷമായ വിമർശനത്തിനിടയാക്കിയതിനൊപ്പം രാഷ്ട്രീയ പോരിനും വഴിതുറന്നിരുന്നു. ഇതിനിടെ ആകാശപാതയുടെ തൂണുകൾ തുരുമ്പിച്ചുവീഴാറായെന്നും ജനങ്ങളുടെ സുരക്ഷയെക്കരുതി ഇത് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എ.കെ. ശ്രീകുമാറാണ് ഹൈകോടതിയെ സമീപിച്ചത്. ഇതിലാണ് പദ്ധതി പൂർത്തീകരിക്കാനുള്ള നിർദേശം.
ആകാശപാത ഉപയോഗപ്രദമാക്കാൻ സാധ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് കലക്ടറും സർക്കാറും കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി അറിയിക്കണമെന്ന് നിർദേശിച്ച കോടതി, നവംബർ 18ന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. ഇതിനുമുമ്പ് പദ്ധതി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നടപടി ജില്ല ഭരണകൂടത്തിന് ആരംഭിക്കേണ്ടിവരുമെന്നതാണ് നാടിന് പ്രതീക്ഷ പകരുന്നത്.
രണ്ടുകോടിയോളം ചെലവഴിച്ചു
രണ്ടുകോടിയോളം ചെലവഴിച്ച പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള നീക്കത്തിൽ നഗരവാസികളിൽ വലിയൊരുവിഭാഗം ആശങ്കയിലായിരുന്നു. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ആകാശപാത പൊളിച്ചുനീക്കണമെന്ന നിലപാടിലായിരുന്നു. ഈ ആവശ്യമുയർത്തി ഡി.വൈ.എഫ്.ഐ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാനുള്ള മികച്ച പദ്ധതിയാണിതെന്നും സമയബന്ധിതമായി പണി പൂർത്തിയാക്കണമെന്നും കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കേസിൽ കക്ഷി ചേർന്നിരുന്നു. പടികള്‍ നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാലാണ് പണി നിര്ത്തിവെച്ചിരിക്കുന്നതെന്നായിരുന്നു റോഡ് സേഫ്റ്റി അതോറിറ്റി കോടതിയിൽ നൽകിയ വിശദീകരണം. നേരത്തേ ഹരജി പരിഗണിച്ച ഘട്ടത്തിൽ ആകാശപ്പാത ആവശ്യമില്ലെങ്കില്‍ പൊളിച്ചു നീക്കിക്കൂടേയെന്ന് ഹൈകോടതി ചോദിച്ചിരുന്നു. ഇത് വലിയ ചർച്ചയായിരുന്നു.
ആകാശം മുട്ടി ആരോപണങ്ങൾ
നഗരത്തിലെ അഞ്ച് റോഡുകൾ ചേരുന്ന ശീമാട്ടി റൗണ്ടാനയിൽ കാൽനടയക്കാർക്ക് ആകാശപാതയിലൂടെ(മേൽപാലം) സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനാണ് നിർമാണം ആരംഭിച്ചത്. എസ്കലേറ്റർ വഴി കയറിയിറങ്ങാനാകും വിധമായിരുന്നു പദ്ധതി രൂപകൽപന ചെയ്തത്. നാലു ലിഫ്റ്റുകളും പദ്ധതിയിലുണ്ടായിരുന്നു.
സഞ്ചരിക്കുന്നതിനൊപ്പം യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ആകാശപ്പാതക്ക് മുകളിൽ ഒരുക്കുമെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് രൂപരേഖ മാറ്റി ഗാന്ധി സ്മൃതി മണ്ഡപമാക്കുമെന്നും 200പേർക്ക് ഇരിക്കാവുന്ന സൗകര്യം ഒരുക്കുമെന്നും എം.എൽ.എ വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥലം ലഭിക്കാതെവന്നതോടെ പണി സ്തംഭിക്കുകയായിരുന്നു.
5.18 കോടിയുടെ ചെലവ് കണക്കാക്കിയിരുന്ന പദ്ധതിക്കായി ഇതിനകം 1.95 കോടി ചെലവഴിച്ചാണ് 14 ഇരുമ്പുതൂണുകളിൽ 24 മീറ്റർ ചുറ്റളവിൽ ഇരുമ്പ് പ്ലാറ്റ്ഫോം നിർമിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുൻകൈയെടുത്തു തുടങ്ങിവെച്ച പദ്ധതി നടപ്പാക്കാൻ സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്നായിരുന്നു കോൺഗ്രസ് ആരോപണം. സ്ഥലം കണ്ടെത്താതെ പദ്ധതി തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സി.പി.എമ്മും തിരിച്ചടിച്ചു. ഇതിനിടെ മന്ത്രി വി.എൻ. വാസവൻ പദ്ധതിക്ക് ഇടങ്കോലിടാൻ നിരന്തരം ശ്രമിക്കുകയാണെന്നും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
കമ്പികൾക്ക് ബലക്ഷയമില്ലെന്ന് കണ്ടെത്തൽ
ആകാശപാതക്കായി സ്ഥാപിച്ച ഇരുമ്പ് തൂണുകൾക്കും പ്ലാറ്റ്ഫോമിനും ബലക്ഷയമില്ലെന്ന് കണ്ടെത്തൽ. തൃശൂർ എൻജിനീയറിങ് കോളജിെൻറ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കമ്പികൾക്ക് ബലക്കുറവില്ലെന്ന് വ്യക്തമായത്. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ കലക്ടറാണ് സത്യവാങ്മൂലത്തിലൂടെ കോടതിയെ ഇക്കാര്യം അറിയിച്ചത്.
വെയിലും മഴയുമേറ്റതുമൂലം നിലവിലെ കമ്പികൾക്ക് ബലക്ഷയമുണ്ടെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഹരജിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ അടിയന്തര റിപ്പോർട്ട് നൽകാൻ ഹൈകോടതി സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ബലക്ഷയം സംബന്ധിച്ച ആശങ്കക്ക് അറുതിയായി. നിർമാണം പുനരാരംഭിച്ചാൽ അപകടമുണ്ടാകുമെന്ന വാദങ്ങളുംഅപ്രസക്തമായി.
പദ്ധതി ആരംഭിച്ചത് നാറ്റ്പാക് പഠന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ -തിരുവഞ്ചൂർ
കോട്ടയം: നാറ്റ്പാക്കിെൻറ ശിപാർശയിലാണ് ആകാശപാത പദ്ധതിക്ക് തുടക്കമിട്ടതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. എം.സി റോഡിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കോട്ടയം ശീമാട്ടി റൗണ്ടാനയിൽ മേൽപാലം വേണമെന്നായിരുന്നു നാറ്റ്പാക്കിെൻറ ശിപാർശ. അഞ്ച് റോഡുകൾ കൂടിച്ചേരുന്ന സാഹചര്യം ഇവർ പ്രത്യേകം എടുത്തുകാട്ടിയിരുന്നു.
പ്രതിദിനം 11,000ത്തിന് മുകളിൽ കാൽനടക്കാർ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ മേൽപാലം വേണമെന്നായിരുന്നു 2014-2015 കാലഘട്ടത്തിൽ ഇവർ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. മണിക്കൂറിൽ 29,861 യാത്രക്കാർ ശീമാട്ടി റൗണ്ടാനവഴി കടന്നുപോകുന്നുവെന്നായിരുന്നു ഇവരുടെ പഠനം. നാറ്റ്പാക്കിെൻറ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ആദ്യമായി കോട്ടയത്ത് സ്കൈവാക് എന്ന പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. അന്നത്തെ ഭരണ-പ്രതിപക്ഷ കക്ഷികളെല്ലാം അംഗീകരിച്ച പദ്ധതിയാണിതെന്നും തിരുവഞ്ചൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്ഥലം, ഫണ്ട്; ഇനിയും വെല്ലുവിളികൾ
കോട്ടയം: ആകാശപാതക്ക് അനുകൂലമായ വിധി ഹൈകോടതിയിൽനിന്നുണ്ടായെങ്കിലും പദ്ധതി യാഥാർഥ്യമാകണമെങ്കിൽ ഇനിയും കടമ്പകൾ താണ്ടണം. ഫണ്ട് ലഭ്യമാക്കുകയാണ് ആദ്യ വെല്ലുവിളി. രാഷ്ട്രീയപോരിൽ ആറുവർഷമായി നിലച്ചുപോയ പദ്ധതി പഴയ എസ്റ്റിമേറ്റിൽ നിർമാണം നടത്താനാകില്ല. അടുത്തിടെ പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കിയിരുന്നു.
അധികമായി വേണ്ട തുക റോഡ് സേഫ്റ്റി അതോറ്റിയുടെ ഫണ്ടിൽനിന്ന് അനുവദിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. നേരത്തേ പദ്ധതിക്കായി അനുവദിച്ച 5.18 കോടിയിൽ 3.22 കോടി അവശേഷിക്കുന്നുണ്ട്. ഇതിനൊപ്പം ആവശ്യമായ തുക റോഡ് സേഫ്റ്റി അതോറ്റിയുടെ ഫണ്ടിൽനിന്ന് നൽകിയാൽ അതിവേഗം പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നും തിരുവഞ്ചൂർ പറയുന്നു.
ലിഫ്റ്റുകളും പടികളും സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ടതും വെല്ലുവിളിയാണ്. റോഡ് സുരക്ഷ കമീഷണറുടെ നിർദേശപ്രകാരം സ്ഥലം കണ്ടെത്താൻ പരിശോധന നടത്തിയതായി കലക്ടർ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ കണ്ടെത്തിയ സ്ഥലത്ത് ഇവിടെ ലിഫ്റ്റുകളും പടികളും സ്ഥാപിക്കാൻ കഴിയുമോയെന്ന് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.