കോട്ടയം: അര്‍ധ അതിവേഗ റെയില്‍ പാതക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാൻ ആൻറി സെമി ഹൈസ്പീഡ് റെയില്‍ കര്‍മസമിതി. ഇതിനായി കോട്ടയത്ത് സ്ഥിരം സമരവേദിയൊരുക്കാനാണ് തീരുമാനം. കോവിഡും ലോക്ഡൗണും കണക്കിലെടുത്ത് ഓൺലൈൻ യോഗങ്ങളിലും പ്രതിഷേധങ്ങളിലുമായിരുന്നു കര്‍മസമിതി ശ്രദ്ധിച്ചിരുന്നത്.
പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ പാത കടന്നുപോകുന്ന സ്ഥലങ്ങളിലുള്ളവർ തയാറെടുക്കുന്നത്. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ല അടിസ്ഥാനത്തില്‍ ഉടന്‍ ഓഫിസുകള്‍ സജ്ജമാക്കാൻ നിര്‍ദേശം നല്കിക്കഴിഞ്ഞതായാണ് വിവരം.
റെയില്‍പാത നടപ്പായാല്‍ ജില്ലയില്‍ അയ്യായിരത്തോളം വീടുകള്‍ നഷ്ടമാകുമെന്നാണ് സമിതിയുടെ കണക്ക്. എന്നാല്‍, അലൈന്‍മെൻറ് സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ പ്രാഥമിക കണക്കിനെക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടാകുമെന്നാണ് സൂചന. ആകാശസർവേ വഴിയാണ് പാതപോകുന്ന റൂട്ട് തയാറാക്കിയത്. നദികൾക്കും വയലുകൾക്കും വീടുകൾക്കും മുകളിലൂടെയാണ് നിർദിഷ്ട പാത. 2017ൽ അലൈൻമെൻറ് തയാറാക്കിയശേഷം നിരവധി വീടുകൾ പാത കടന്നുപോകുന്ന വഴിയിൽ വന്നു.
പാലാ-വൈക്കം, അയർക്കുന്നം-ഏറ്റുമാനൂർ, പേരൂർ സംക്രാന്തി, എം.സി, കെ.കെ തുടങ്ങി റോഡുകളെല്ലാം മുറിച്ചാണ് പാത കടന്നുപോകുന്നത്. പാറമ്പുഴ, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ വലിയ കുന്നുകളും മുറിക്കപ്പെടും. രണ്ടിടത്ത് മീനച്ചിലാറിനും ഒരിടത്ത് മണിമലയാറിനും കുറുകെയാണ് പാത കടന്നുപോവുക. സ്കൂൾ കെട്ടിടം, എ.ആർ ക്യാമ്പ് തുടങ്ങിയവയും വഴിയിലുണ്ട്. കൊടൂരാറിനും മുട്ടമ്പലം റെയിൽവേ ക്രോസിനും സമീപമായാണ് റെയിൽവേ സ്റ്റേഷൻ നിർമിക്കാനുദ്ദേശിക്കുന്നത്. എന്നാൽ, ഇവിടം 'സോയിൽ പൈപ്പിങ്' പ്രതിഭാസമുള്ള പ്രദേശമാണ്.
വിശദമായ പാരിസ്ഥിതിക പഠനം കൂടാതെ ഇത്തരം സ്ഥലങ്ങളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങൾ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. പാടങ്ങള്‍ നികത്തുന്നതുമൂലമുള്ള പ്രശ്നങ്ങള്‍ വേറെ. നിര്‍ദിഷ്ട പാത കടന്നുപോകുന്നതില്‍ ഏറ്റവും കൂടുതല്‍ കൃഷി നാശമുണ്ടാകുന്ന ജില്ലകളിലൊന്നു കൂടിയാണ് കോട്ടയം. നിലവിലെ അലൈന്‍മെൻറ് പ്രകാരം നെല്പാടങ്ങളും റബര്‍ തോട്ടങ്ങളുമാണ് ഏറെ നശിക്കുക. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും കൃഷിയിറക്കുന്നവയാണ് ഈ നെല്പാടങ്ങളെല്ലാം. ഈ നെല്പാടങ്ങള് പാതക്കായി മുറിക്കപ്പെടുന്നതോടെ കൃഷി നശിക്കും.
വെള്ളപ്പൊക്കം കൂടുതല്‍ രൂക്ഷമാകാനും പദ്ധതി കാരണമാകും. കൊടൂരാര്‍, മീനച്ചിലാര്‍ എന്നിവ വലിയ മഴയുണ്ടാകുമ്പോള്‍ കരകവിയാറുണ്ട്. ഇവ സമീപത്തെ പാടങ്ങളിലൂടെയും മറ്റും ഒഴുകുകയാണ് പതിവ്. എന്നാല്‍, പാത വരുന്നതോടെ ഇത്തരത്തിലുള്ള ഒഴുക്കു തടസ്സപ്പെടുകയും വെള്ളപ്പൊക്കം രൂക്ഷമാകുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുന്നു.
2025ഓടെ 160-200 കിലോമീറ്റർ വരെ വേഗതയിൽ എല്ലാ എക്സ്പ്രസ് ട്രെയിനുകളും ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള പ്രാരംഭനടപടികളും തുടങ്ങി. അങ്ങനെയെങ്കിൽ ഈ അര്‍ധ അതിവേഗ റെയില്‍ പാതയുടെ കാര്യമില്ല. സ്റ്റാൻഡേർഡ് ഗേജ് ആയതിനാൽ പിന്നീട് അതിവേഗ റെയില്‍ പാതയായി മാറ്റാനും കഴിയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.