കോട്ടയം: ലോക്ഡൗണിൽ ബാറുകളും ബിവറേജസും അടഞ്ഞതോടെ കുക്കറുകൾ ഉപയോഗിച്ച് വീടുകളിൽ വാറ്റ് സജീവം. വിദേശങ്ങളിൽനിന്ന് മടങ്ങിയെത്തിയവരാണ് വീടിനെ 'ഡിസ്റ്റിലറിയാക്കുന്നവരിൽ' ഏറെ. മദ്യത്തിനു കർശനനിയന്ത്രണമുള്ള ചില രാജ്യങ്ങളിൽ കുക്കറുകൾ ഉപയോഗിച്ച് അതിരഹസ്യമായി വാറ്റി വിൽപനയടക്കമുണ്ട്. ഇത്തരത്തിലുള്ള 'പരിചയസമ്പന്നരാണ്' അടച്ചിടൽ കാലത്ത് പരീക്ഷണത്തിനു മുതിരുന്നവരിൽ ഭൂരിഭാഗവും. യൂട്യൂബിൽനിന്ന് നോക്കി വാറ്റുന്നവരുമുണ്ട്.
കുക്കർ ഉപയോഗിച്ച് വാറ്റുന്നവരുടെ എണ്ണം ലോക്ഡൗണിൽ വർധിച്ചതായാണ് എക്സൈസ് വിലയിരുത്തൽ. സ്വന്തം ആവശ്യത്തിനായിട്ടാണ് ഭൂരിഭാഗവും ഈ രീതി തെരെഞ്ഞടുക്കുന്നതെന്നും ഇവർ പറയുന്നു. അടുത്തിടെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ സമാനരീതിയിൽ വാറ്റിയതായ വിവരം എക്സൈസിന് ലഭിച്ചിരുന്നു. അടുക്കള േകന്ദ്രീകരിച്ചായതിനാൽ രഹസ്യവിവരം ലഭിച്ചാൽ മാത്രമേ ഇത്തരക്കാരെ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിനു തടയിടാൻ നിരീക്ഷണം ശക്തമാക്കിയതായും എക്സൈസ് അറിയിച്ചു.
കോട പാകമാകാൻ എടുത്ത ആദ്യത്തെ ആറു ദിവസത്തിനുശേഷം ലോക്ഡൗണിൽ ആവശ്യക്കാർക്ക് വാറ്റുചാരായം ലഭിക്കാൻ തുടങ്ങിയെന്നാണ് എക്സൈസ് കണ്ടെത്തൽ. കുക്കർ വാറ്റിെനാപ്പം മലയോരങ്ങൾ കേന്ദ്രീകരിച്ച് വന്‍കിട വ്യാജവാറ്റ് സംഘങ്ങൾ സജീവമായതാണ് ഇതിനു കാരണം. ലിറ്ററിന് 800-2000 രൂപ വരെയാണ് ഒരുകുപ്പി ചാരായത്തിനായി ഇവർ വാങ്ങുന്നത്. ഈ വില നൽകിയും വാങ്ങിക്കുടിക്കാൻ ക്യൂവാണെന്നാണ് എക്സൈ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനിടെ,
വാറ്റും ചാരായവും എക്സൈസ് പിടികൂടുന്നുണ്ടെങ്കിലും വ്യാജമദ്യത്തിന് കുറവില്ല.
കോട്ടയം ജില്ലയിൽനിന്ന് മാത്രം കഴിഞ്ഞ എട്ടുമുതൽ ഇതുവരെ 3010 ലിറ്റർ കോടയാണ് എക്സൈസ് പിടിച്ചെടുത്ത്. 71 ലിറ്റർ ചാരായവും പിടികൂടി. ലോക്ഡൗൺ തുടങ്ങിയതിനുശേഷം 60ഓളം അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. 70 പേരെ അറസ്റ്റും ചെയ്തു. കോവിഡ് പ്രശ്നംമൂലം 20 അറസ്റ്റ് നടക്കാനുമുണ്ട്. പിടികൂടിയതിെൻറ പതിൻമടങ്ങ് വാറ്റ് നടന്നിട്ടുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
മദ്യം ലഭിക്കാത്തതിനെ തുടർന്ന് സ്ഥിരം മദ്യപർക്ക് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാറ്റ് വ്യാപകമായതാകാം ഇതിനു കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതിനിടെ, മറ്റ് സംസ്ഥാനങ്ങളിൽനിന്നടക്കം വിദേശമദ്യവും വലിയ തോതിൽ എത്തുന്നുണ്ട്. സ്വന്തം നിലയിൽ മദ്യം തയാറാക്കുന്ന സംഘങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.